Skip to main content

Posts

Showing posts from May, 2018

കവിത... അമ്മയും കുഞ്ഞും.

മൃദുലകോമളം അമ്മതന്നിളം കരതലത്തിലാ കുഞ്ഞു ശാന്തമായ് കരയുമാക്കരൾ മന്ദഹാസയായ് തിരിയുമാശ്രമം പാൽക്കുടത്തിനായ് ഹൃദയഹാരിയായ് കൊഞ്ചുമമ്മയോ ശമനമാക്കിടും കുഞ്ഞുശാഠ്യവും നിപുണനായൊരാൾ കർമ്മമേകിടും അതിവിശിഷ്ടമാം ശില്പമൊന്നുപോൽ ധരണിതന്നിലീ ബന്ധമത്രയും ഉപരിതന്നെയീ കാലമെങ്കിലും അകിടിലൂറിടും പാലിനൊക്കുമോ നിറമതേറ്റുവാൻ ഹൃദ്യമെങ്കിലും !                ----------------------------           താന്നിപ്പാടം ശശി -----------------------------------

കവിത ... പടുജന്മം

പ്ലാവില ചുരുളുന്നു കുത്തിയമട്ടിൽത്തന്നെ മീങ്കലവാവട്ടത്തിൽ മാറാല കരിയുന്നു സഞ്ചിയുമായിപ്പോയയമ്മയും തിരിച്ചെത്തി സങ്കടമറിഞ്ഞില്ല പീടികക്കാരനത്രേ പട്ടിണി മൂന്നക്ഷരം മരണംപോലെതന്നെ ജീവിതമതുപോലെയക്ഷരം മൂന്നിൽ നില്പൂ ഏതെടുക്കണമെന്നു ചിന്തിച്ചുപോകുന്നേരം അന്ത്യമാം ശാന്തിമന്ത്രം മനസ്സിൽ തെളിയുന്നു അമ്മയ്ക്കു കുഞ്ഞുന്നാളിൽകിട്ടിയ പിള്ളവാതം വാർദ്ധക്യനടപ്പതിൽ ഭാരമായ് ചുമക്കുന്നു ഹൃദ്‌രോഗബാധയേറ്റു ചുള്ളിക്കെട്ടതുപോലെ തിണ്ണയിൽ വെറുംപായിലച്ഛനും ദ്രവിക്കുന്നു പെങ്ങളങ്ങൊരുവന്റെ കൂടെയിറങ്ങിപ്പോകേ സങ്കടക്കയത്തിലെ ജലമൊരല്പം താഴ്ന്നു വൈകാതെ കേട്ടു പിന്നെ യവളെച്ചതിച്ചത്രേ പുന്നമരത്തിൻ കൊമ്പിലവളാ ഭാരം തൂക്കി പിന്നെ, ഞാനല്ലേ ചൊല്ലാമിത്തിരി വെള്ളം വേണം തൊണ്ടയും വരണ്ടല്ലോ ഗദ്ഗദമോളംവെട്ടി നടക്കില്ലിരിക്കില്ല കിടപ്പും സുഖമല്ല മനുഷ്യനെന്ന സംജ്ഞയെനിക്കു ചേരില്ലൊട്ടും ഇഴഞ്ഞു നീങ്ങാം പക്ഷേ സമയമേറെ വേണം അതിനും പറ്റാതിപ്പോൾ വണ്ണവും കൂടിടുന്നു പറയൂ ഞാൻ കാണുന്ന മൂന്നക്ഷരത്തെത്തന്നെ പതുക്കെ പ്രാപിക്കട്ടെ എന്തിനീ പടുജന്മം.                -----------------...