Skip to main content

Posts

Showing posts from January, 2020

തിരുവാതിരപ്പാട്ട്

പാണീതലത്താൽ മറച്ചീടവേ ക്ഷണം പാരിടം കണ്ണിൽ മറഞ്ഞീടവേ പാലൊളിച്ചന്ദ്രനുദിച്ചു ചുണ്ടിൽ വൃഥാ പാടേ നിറഞ്ഞൊരു നാണവുമായ് കാല്പാദംകൊണ്ടു വരവരച്ചു ചേലിൽ കണ്മണി തുള്ളിക്കളിച്ചു കണ്ണിൽ ആടതൻ തുമ്പിൽ പിടിച്ചുലച്ചും ചില- യാഹ്ലാദം ചുണ്ടിൽ പൊടിപൊടിച്ചും മംഗളരാത്രിയിലൊത്തുചേരാൻ വരും മങ്കയെ ശയ്യയിൽ കാത്തിരിയ്ക്കേ ലെഗ്ഗിൻസും ടോപ്പും ധരിച്ചവളെത്തുന്നു ലജ്ജിച്ചു നവവരൻ കണ്ണടച്ചു കാലത്തിനൊത്തൊരാ കോലമപ്പോൾ കാലിന്മേൽ കാലേറ്റിയിരുന്നു ചാരെ ആംഗ്ലേയഭാഷയിൽ ചൊന്നുറക്കെ മങ്ക ആർത്തുചിരിക്കുന്നു നെഞ്ചുലച്ച്.                     ------------------------------         താന്നിപ്പാടം ശശി -------------------------------------

ക്രിസ്തുമസ് രാവ്

മഞ്ഞിൽ കുളിക്കുന്ന ക്രിസ്തുമസ് രാവേ പുതമുണ്ട് ചുറ്റാൻ നീ ഒരുങ്ങുന്നുവോ പാതിരാകുർബ്ബാന കൂടുവാൻ ഞങ്ങളീ പാതയിലൂടെ നടന്നിടുമ്പോൾ..                          (മഞ്ഞിൽ.....) പാലൊളിച്ചന്ദ്രിക തൂവും വെളിച്ചത്തിൽ നീയെത്ര സുന്ദരിയായിടുന്നു നാളത്തെപ്പകലിനെ ഉന്മേഷമാക്കുവാൻ നീയെത്ര സൗഹൃദം ചൊരിഞ്ഞിടുന്നു                          (മഞ്ഞിൽ....) അയല്ക്കാരനായുള്ളോൻ നീതന്നെയെന്ന് നമ്മിലറിവായ് പതിപ്പിച്ചവൻ ഭൂജാതനായ ദിനമല്ലോ നാളെ ക്രിസ്തുമസ്, ക്രിസ്തുമസ് നാളെയല്ലോ.                          (മഞ്ഞിൽ.....)                     ----------------------------------------        താന്നിപ്പാടം ശശി. --------------------------------------------