Skip to main content

Posts

Showing posts from October, 2019

കവിത...... മദ്യം

കള്ളും, സർക്കാർ ചാരായവുമീ റോഡരികൊക്കെ നിരന്നൊരു കാലം പാനം ചെയ്യുക ഭൂഷണമല്ലാ പാപികളെന്നേയാരും കരുതൂ ഇന്നതിലൊന്നങ്ങില്ലാതായി ഉള്ളതിനെന്നാൽ ബലവും കെട്ടു മദ്യം മറ്റൊരു പേരിലിറങ്ങി മലയാളക്കരയാകെ നിറഞ്ഞു മാന്യത വേണോ മദ്യം വേണം മത്തുപിടിച്ചൊരു തലയും വേണം നാലാൾ ചേർന്നാൽ വിഷയംതന്നെ നന്നായ് പൂശിയ കഥയാണല്ലോ ! ചായ കുടിക്കാൻ ക്ഷണമിന്നില്ലാ സ്മോളൊന്നാകാമെന്നായ് മാറി നാലാൾ കേട്ടാൽ മോശം തോന്നും നാളതു പണ്ടേ മാറിപ്പോയി നാരികളീ വഴി വന്നുതുടങ്ങി ന സ്ത്രീയെന്നതു ചൊല്ലിൽമാത്രം കുട്ടികളൊപ്പം കൂടുന്നുണ്ട് 'വർജ്ജന ' മിനിയതു കനവിൽമാത്രം.                     ------------------------------------               താന്നിപ്പാടം ശശി ------------------------------------------

കവിത....... ഇരുട്ടടി

തൂണതു താഴ്ത്താൻ പറ്റുന്നെങ്കിൽ ഫ്ലാറ്റതു പൊങ്ങും പുഴയിൽപ്പോലും നിയമംപോലും സാധൂകരിക്കും നയചാതുര്യം വേണ്ടതിനൊത്താൽ പലദിനമങ്ങനെ പുലരുമ്പോഴും ചിലനാൾ പെട്ടാൽ പെട്ടതുതന്നെ അറിഞ്ഞില്ലെന്നൊരു വാദമുയർന്നാൽ തരികിട വാദം പൊളിയേയുള്ളൂ കുഗ്രാമത്തിൽ കുറയും വിലയിൽ കുടിലിനു വേണ്ടതു വാങ്ങുന്നോരും പൊല്ലാപ്പുണ്ടോ, യറിയാനായി കേറിയിറങ്ങുമോഫീസ്സുകളിൽ ഫ്ലാറ്റുകൾ വാങ്ങുമുടമകൾ, പക്ഷേ അവരിൽപ്പെടുമോ, കേറിയിറങ്ങാൻ ! പണിഞ്ഞോർ ചൊന്നാൽ വേദമവർക്ക് പറയും പണത്തിനു വാങ്ങിക്കൂട്ടും പാവങ്ങളിലെ പാവപ്പെട്ടോർ പലതുംകൊണ്ടവർ എളിമയുമുള്ളോർ ദശലക്ഷങ്ങളാൽ ഫ്ലാറ്റുകൾ വാങ്ങും ഫർണീഷിങ്ങിനോ പാതി മുടക്കും നടപ്പതുദൂരം പോകാൻ വാങ്ങും ന്യൂജെൻ കാറുകളൊന്നോ രണ്ടോ തുരുത്തുകളായി ജീവിച്ചോരുടെ തടയണ മാറ്റാൻ സർക്കാർഫണ്ടും.                     ------------------------------                താന്നിപ്പാടം ശശി -------------------------------------------

കവിത..... വള്ളംകളി

എന്തുവേണമെന്ന ചിന്തയുള്ളിലാകെപ്പടരവേ ചിന്തിച്ചോരത്തണൽ കണ്ടു കയറിനിന്നു കായലോളം തള്ളുന്നുണ്ട്,അതിനൊപ്പം ജനങ്ങളും കരളപ്പോളാവേശത്താൽ നിറഞ്ഞുനിന്നു പോകവേണമെന്ന ചിന്ത മറന്നുപോയ്  തരിച്ചു ഞാൻ വാകമരത്തണൽ ചൂടി ലയിച്ചു നില്ക്കേ ദൂരെദിക്കിൽ നിന്നു വന്ന ഒരുത്തനെന്നുള്ള ചിന്ത പാരവശ്യം കൂട്ടാൻ പെട്ടെന്നിടയ്ക്കു വന്നു ഇരുട്ടുകുത്തികളപ്പോൾ മിന്നലായി പാഞ്ഞുപോയി കരുത്തനെയറിയാതെ മിഴികൾമങ്ങി തിരിഞ്ഞൊന്നു നോക്കുമ്പോഴോ വരുന്നുണ്ട് വീണ്ടും നിര തരിപ്പിലാ ഭേദം കാണാൻ കഴിഞ്ഞുമില്ല സഞ്ചിയിലെ മത്സ്യഭാരം മണക്കുന്നു ബോദ്ധ്യമായി സൽക്കാരത്തിനുള്ളതിനി വേറെ വാങ്ങണം വേണ്ടായെന്നു ചിന്തിച്ചു ഞാൻ മടിഞ്ഞെത്തി കുടുങ്ങിപ്പോയ് വേണ്ടാത്തിനമായിപ്പോയി മത്സ്യഭാരവും.                     ----------------------------------             താന്നിപ്പാടം ശശി -------------------------------------------