ചോരവാർന്നു വീണൊരാ മനുഷ്യരോർക്കുമാളുകൾ
നീറി നീങ്ങിടുന്നിതാ മിഴിക്കു മുന്നിലേകരായ്
എത്രയൊക്കെ കണ്ടവർ ശുഭങ്ങളൊക്കെയോർത്തവർ
പാടെ മാറി,ഭാഗ്യഹീന രക്തസാക്ഷി മാത്രമായ്
ആർക്കുവേണ്ടി നാമുടൽ കളഞ്ഞുപോയി കൂട്ടരേ!
ആർത്തലച്ചു നെഞ്ചുലച്ചു കേണിടുന്ന ദീനരേ!
സൗെഖ്യമാർന്ന ജീവിതം രസിച്ചുതീർക്കുമാളുകൾ
നേതൃഭാഗമീവിധം കരത്തിലാക്കി കൂട്ടരേ!
മാറ്റമുണ്ടു കൂട്ടരേ!വരുന്നനാളു കണ്ടിടാം
ഹൃത്തടം കുളിർത്തിടും ചുണയ്ക്കു ചേർന്ന കുട്ടികൾ
കാതുചേർത്തു കേട്ടുകൊൾക പാദശബ്ദവീചികൾ
നേർക്കുനേരെ നാമവർക്കു ലാൽസലാം പറഞ്ഞിടാം
വന്നിടുന്നു ഹർഷമായ് പദത്തെ നീക്കി ശക്തിയായ്
നാടുനാളെ കോർത്തിടുന്ന മൂല്യമുള്ള മുത്തുകൾ
മുഷ്ടികാട്ടി മുദ്രകൾ വികാരമോടെ ചാർത്തിടും
നഷ്ടകാലനോവുകൾക്കുപായമായ നായകർ.
-------------------------------------
താന്നിപ്പാടം ശശി
-----------------------------------------------
Comments
Post a Comment