പുക പടലങ്ങൾ ഉയർന്ന് എന്തൊക്കയോ രൂപങ്ങൾ ധരിച്ച് കാറ്റിന്റെ തേരേറി അകലുമ്പോൾ ചവറ് തീയിലേക്ക് അടിച്ചു കൂട്ടുന്ന തിരക്കിൽ ആയിരുന്നു രേണുക. നാളെ വിഷുവാണ് ! രാമഭദ്രൻ ഇടയ്ക്കിടെ വന്നും പോയുമിരുന്നു. കണി ഒരുക്കാനുള്ള ശ്രമത്തിൽ ആയിരുന്നു അവൻ. അമ്മേ..വാൽക്കണ്ണാടി എവിടെ കിട്ടും. ഒരു പ്രാവശ്യം അവൻ വന്നു ചോദിച്ചിട്ട് പോയി.സാധാരണ കണ്ണാടി മതിയെന്ന് പറഞ്ഞിട്ടും അവന് തൃപ്തിയായില്ല. എന്തിനും ഏതിനും പെർഫെക്ഷൻ വേണമെന്ന കാര്യത്തിൽ ഇപ്പോഴേ അവനും അച്ഛനെപ്പോലെ തന്നെ ശാഠ്യമുണ്ട്. പുഴ നീന്താൻ വാശി പിടിപ്പിച്ച കൂട്ടുകാർ തന്നെ തയ്യാർ എടുത്തപ്പോൾ വിലക്കി. അപകടമാണ്. മണൽ എടുത്ത കുഴികൾ ധാരാളം കാണും. ആര് അത് കേൾക്കാൻ ! അക്കരെ കാണുന്ന മുളങ്കുറ്റിയിൽ പിടിച്ചിട്ട് തിരിച്ചു നീന്താം.ബെറ്റുണ്ടോ? ആരോ അപ്പോൾ ഒരു കുല പഴത്തിന് ബെറ്റു വച്ചു...! തിരിച്ചു നീന്തിയതുമാണ്...! ഒന്നാം വിവാഹ വാർഷികത്തിന് കുഞ്ഞിന് അച്ഛന്റെ പേര് തന്നെ ഇട്ടു. രാമഭദ്രൻ. രേണുകയുടെ മനസ്സ് ഒന്നു പിടഞ്ഞു. മുന്നിൽ കത്തിയിരുന്ന ചവറ് കൂന കെട്ട് അപ്പോൾ ഒരു ചിതയെന്ന പോലെ പുകയാൻ തുടങ്ങിയിരുന്നു. ര...