Skip to main content

Posts

അവർ വരുന്നു

 ചോരവാർന്നു വീണൊരാ മനുഷ്യരോർക്കുമാളുകൾ നീറി നീങ്ങിടുന്നിതാ മിഴിക്കു മുന്നിലേകരായ് എത്രയൊക്കെ കണ്ടവർ ശുഭങ്ങളൊക്കെയോർത്തവർ പാടെ മാറി,ഭാഗ്യഹീന രക്തസാക്ഷി മാത്രമായ് ആർക്കുവേണ്ടി നാമുടൽ കളഞ്ഞുപോയി കൂട്ടരേ! ആർത്തലച്ചു നെഞ്ചുലച്ചു കേണിടുന്ന ദീനരേ! സൗെഖ്യമാർന്ന ജീവിതം രസിച്ചുതീർക്കുമാളുകൾ നേതൃഭാഗമീവിധം കരത്തിലാക്കി കൂട്ടരേ! മാറ്റമുണ്ടു കൂട്ടരേ!വരുന്നനാളു കണ്ടിടാം ഹൃത്തടം കുളിർത്തിടും ചുണയ്ക്കു ചേർന്ന കുട്ടികൾ കാതുചേർത്തു കേട്ടുകൊൾക പാദശബ്ദവീചികൾ നേർക്കുനേരെ നാമവർക്കു ലാൽസലാം പറഞ്ഞിടാം വന്നിടുന്നു ഹർഷമായ് പദത്തെ നീക്കി ശക്തിയായ് നാടുനാളെ കോർത്തിടുന്ന മൂല്യമുള്ള മുത്തുകൾ മുഷ്ടികാട്ടി മുദ്രകൾ വികാരമോടെ ചാർത്തിടും നഷ്ടകാലനോവുകൾക്കുപായമായ നായകർ.                     -------------------------------------           താന്നിപ്പാടം ശശി -----------------------------------------------
Recent posts

മദ്യം

തരിക്കുവാൻ മദ്യം വേണം തിമിർക്കുവാൻ മദ്യം വേണം നെഞ്ചകം തകരുന്നേരം സാന്ത്വനം നല്കാൻ വേണം അതിഥിക്കുവേണ്ടി വേണം ആഘോഷമാളാൻ വേണം ആർഭാടം കാട്ടുന്നേരം അഭിമാനം കൂട്ടാൻ വേണം അകന്നിടും ബന്ധങ്ങളെ വിളക്കുവാൻ മദ്യം വേണം അവിവേകം കാട്ടുന്നേരം ആവോളമുള്ളിൽ വേണം ഭരണത്തിലേറാൻ വേണം ഖജനാവ് നിറയാൻ വേണം സ്തുതിഗീതം പാടിക്കാനും അറിയുന്ന മദ്യം വേണം.                ---------------------------------           താന്നിപ്പാടം ശശി -------------------------------------------

തിരുവാതിരപ്പാട്ട്

പാണീതലത്താൽ മറച്ചീടവേ ക്ഷണം പാരിടം കണ്ണിൽ മറഞ്ഞീടവേ പാലൊളിച്ചന്ദ്രനുദിച്ചു ചുണ്ടിൽ വൃഥാ പാടേ നിറഞ്ഞൊരു നാണവുമായ് കാല്പാദംകൊണ്ടു വരവരച്ചു ചേലിൽ കണ്മണി തുള്ളിക്കളിച്ചു കണ്ണിൽ ആടതൻ തുമ്പിൽ പിടിച്ചുലച്ചും ചില- യാഹ്ലാദം ചുണ്ടിൽ പൊടിപൊടിച്ചും മംഗളരാത്രിയിലൊത്തുചേരാൻ വരും മങ്കയെ ശയ്യയിൽ കാത്തിരിയ്ക്കേ ലെഗ്ഗിൻസും ടോപ്പും ധരിച്ചവളെത്തുന്നു ലജ്ജിച്ചു നവവരൻ കണ്ണടച്ചു കാലത്തിനൊത്തൊരാ കോലമപ്പോൾ കാലിന്മേൽ കാലേറ്റിയിരുന്നു ചാരെ ആംഗ്ലേയഭാഷയിൽ ചൊന്നുറക്കെ മങ്ക ആർത്തുചിരിക്കുന്നു നെഞ്ചുലച്ച്.                     ------------------------------         താന്നിപ്പാടം ശശി -------------------------------------

ക്രിസ്തുമസ് രാവ്

മഞ്ഞിൽ കുളിക്കുന്ന ക്രിസ്തുമസ് രാവേ പുതമുണ്ട് ചുറ്റാൻ നീ ഒരുങ്ങുന്നുവോ പാതിരാകുർബ്ബാന കൂടുവാൻ ഞങ്ങളീ പാതയിലൂടെ നടന്നിടുമ്പോൾ..                          (മഞ്ഞിൽ.....) പാലൊളിച്ചന്ദ്രിക തൂവും വെളിച്ചത്തിൽ നീയെത്ര സുന്ദരിയായിടുന്നു നാളത്തെപ്പകലിനെ ഉന്മേഷമാക്കുവാൻ നീയെത്ര സൗഹൃദം ചൊരിഞ്ഞിടുന്നു                          (മഞ്ഞിൽ....) അയല്ക്കാരനായുള്ളോൻ നീതന്നെയെന്ന് നമ്മിലറിവായ് പതിപ്പിച്ചവൻ ഭൂജാതനായ ദിനമല്ലോ നാളെ ക്രിസ്തുമസ്, ക്രിസ്തുമസ് നാളെയല്ലോ.                          (മഞ്ഞിൽ.....)                     ----------------------------------------        താന്നിപ്പാടം ശശി. --------------------------------------------

കവിത...... മദ്യം

കള്ളും, സർക്കാർ ചാരായവുമീ റോഡരികൊക്കെ നിരന്നൊരു കാലം പാനം ചെയ്യുക ഭൂഷണമല്ലാ പാപികളെന്നേയാരും കരുതൂ ഇന്നതിലൊന്നങ്ങില്ലാതായി ഉള്ളതിനെന്നാൽ ബലവും കെട്ടു മദ്യം മറ്റൊരു പേരിലിറങ്ങി മലയാളക്കരയാകെ നിറഞ്ഞു മാന്യത വേണോ മദ്യം വേണം മത്തുപിടിച്ചൊരു തലയും വേണം നാലാൾ ചേർന്നാൽ വിഷയംതന്നെ നന്നായ് പൂശിയ കഥയാണല്ലോ ! ചായ കുടിക്കാൻ ക്ഷണമിന്നില്ലാ സ്മോളൊന്നാകാമെന്നായ് മാറി നാലാൾ കേട്ടാൽ മോശം തോന്നും നാളതു പണ്ടേ മാറിപ്പോയി നാരികളീ വഴി വന്നുതുടങ്ങി ന സ്ത്രീയെന്നതു ചൊല്ലിൽമാത്രം കുട്ടികളൊപ്പം കൂടുന്നുണ്ട് 'വർജ്ജന ' മിനിയതു കനവിൽമാത്രം.                     ------------------------------------               താന്നിപ്പാടം ശശി ------------------------------------------

കവിത....... ഇരുട്ടടി

തൂണതു താഴ്ത്താൻ പറ്റുന്നെങ്കിൽ ഫ്ലാറ്റതു പൊങ്ങും പുഴയിൽപ്പോലും നിയമംപോലും സാധൂകരിക്കും നയചാതുര്യം വേണ്ടതിനൊത്താൽ പലദിനമങ്ങനെ പുലരുമ്പോഴും ചിലനാൾ പെട്ടാൽ പെട്ടതുതന്നെ അറിഞ്ഞില്ലെന്നൊരു വാദമുയർന്നാൽ തരികിട വാദം പൊളിയേയുള്ളൂ കുഗ്രാമത്തിൽ കുറയും വിലയിൽ കുടിലിനു വേണ്ടതു വാങ്ങുന്നോരും പൊല്ലാപ്പുണ്ടോ, യറിയാനായി കേറിയിറങ്ങുമോഫീസ്സുകളിൽ ഫ്ലാറ്റുകൾ വാങ്ങുമുടമകൾ, പക്ഷേ അവരിൽപ്പെടുമോ, കേറിയിറങ്ങാൻ ! പണിഞ്ഞോർ ചൊന്നാൽ വേദമവർക്ക് പറയും പണത്തിനു വാങ്ങിക്കൂട്ടും പാവങ്ങളിലെ പാവപ്പെട്ടോർ പലതുംകൊണ്ടവർ എളിമയുമുള്ളോർ ദശലക്ഷങ്ങളാൽ ഫ്ലാറ്റുകൾ വാങ്ങും ഫർണീഷിങ്ങിനോ പാതി മുടക്കും നടപ്പതുദൂരം പോകാൻ വാങ്ങും ന്യൂജെൻ കാറുകളൊന്നോ രണ്ടോ തുരുത്തുകളായി ജീവിച്ചോരുടെ തടയണ മാറ്റാൻ സർക്കാർഫണ്ടും.                     ------------------------------                താന്നിപ്പാടം ശശി -------------------------------------------

കവിത..... വള്ളംകളി

എന്തുവേണമെന്ന ചിന്തയുള്ളിലാകെപ്പടരവേ ചിന്തിച്ചോരത്തണൽ കണ്ടു കയറിനിന്നു കായലോളം തള്ളുന്നുണ്ട്,അതിനൊപ്പം ജനങ്ങളും കരളപ്പോളാവേശത്താൽ നിറഞ്ഞുനിന്നു പോകവേണമെന്ന ചിന്ത മറന്നുപോയ്  തരിച്ചു ഞാൻ വാകമരത്തണൽ ചൂടി ലയിച്ചു നില്ക്കേ ദൂരെദിക്കിൽ നിന്നു വന്ന ഒരുത്തനെന്നുള്ള ചിന്ത പാരവശ്യം കൂട്ടാൻ പെട്ടെന്നിടയ്ക്കു വന്നു ഇരുട്ടുകുത്തികളപ്പോൾ മിന്നലായി പാഞ്ഞുപോയി കരുത്തനെയറിയാതെ മിഴികൾമങ്ങി തിരിഞ്ഞൊന്നു നോക്കുമ്പോഴോ വരുന്നുണ്ട് വീണ്ടും നിര തരിപ്പിലാ ഭേദം കാണാൻ കഴിഞ്ഞുമില്ല സഞ്ചിയിലെ മത്സ്യഭാരം മണക്കുന്നു ബോദ്ധ്യമായി സൽക്കാരത്തിനുള്ളതിനി വേറെ വാങ്ങണം വേണ്ടായെന്നു ചിന്തിച്ചു ഞാൻ മടിഞ്ഞെത്തി കുടുങ്ങിപ്പോയ് വേണ്ടാത്തിനമായിപ്പോയി മത്സ്യഭാരവും.                     ----------------------------------             താന്നിപ്പാടം ശശി -------------------------------------------