Skip to main content

Posts

Showing posts from March, 2016

തെക്കു നിന്നെത്തിയ.......

തെക്കു നിന്നെത്തിയ പയ്യിന്റെ വാലിന് താമരമൊട്ടിന്റെ ചേല് പയ്യ് കടിച്ചിട്ട പുന്നാര വാഴത്തൈ പെരുപ്പിച്ച് നെഞ്ചില് ചൂട് -എന്നിട്ടും പെരുപ്പിച്ച് നെഞ്ചില് ചൂട്                (തെക്കു നിന്നെത്തിയ........ കയ്യോണ്ടോങ്ങണ് കാലോണ്ടോങ്ങണ് -അത് കണ്ടിട്ടും പോയില്ല പയ്യ് താമര വാലവള്‍ തഞ്ചത്തില്‍ ആട്ടീട്ട് തല ചരിച്ചിട്ടൊരു നോട്ടം -കൊല്ലണ തല ചരിച്ചിട്ടൊരു നോട്ടം.                  (തെക്കു നിന്നെത്തിയ........ കണ്ണുകള്‍ക്കെന്തൊരു ചേല് -അപ്പോളാ കൊമ്പുകള്‍ക്കെന്തൊരു ചേല് അവളുടെ ചെവിയാട്ടം തീയണച്ചു -പിന്നെ ആറിത്തണുത്തെന്റെ ഉള്ള് -നന്നായി ആറിത്തണുത്തെന്റെ ഉള്ള്                    ( തെക്കു നിന്നെത്തിയ.........                  -----------------------        താന്നിപ്പാടം ശശി. ------------------------

വാറ്റു ചാരായ.......

     വാറ്റു ചാരായക്കുപ്പിയില്‍ നിന്നും      വാട വീശണ നേരം      വാടി നിക്കണ പൂക്കളു പോലും      വാശിയോടങ്ങാടും.. തന്തിമിത്തോം..തനതന തന്തിമിത്തോം.. തന്തിമിത്തോം..തനതന തന്തിമിത്തോം..      കത്തി നിക്കണ പ്രായത്തില്‍പ്പോലും      കുത്തഴിയാത്ത കന്നി      കത്തിക്കേറും വാറ്റിന്റെ താളത്തില്‍      കുച്ചിപ്പുടിയുമാടും.. തന്തിമിത്തോം..തനതന തന്തിമിത്തോം.. തന്തിമിത്തോം..തനതന തന്തിമിത്തോം..      ആട്ടം കഴിഞ്ഞങ്ങു ചെല്ലുമ്പോ വീട്ടില്      അടുപ്പു പുകയില്ല മോനേ..      അയലത്തെ വീട്ടിലെ അടുക്കള തേടും      അരുമക്കിടാങ്ങള്‍ നിന്റെ.. തന്തിമിത്തോം..തനതന തന്തിമിത്തോം.. തന്തിമിത്തോം..തനതന തന്തിമിത്തോം..                    ----------------------        താന്നിപ്പാടം ശശി. ----------------------

ആരോടൊന്നും പറയാതെ...

ആരോടൊന്നും പറയാതെ കുഞ്ഞാഞ്ഞ പോയെടി ഒാടപ്പഴം തേടി ഏതോ നാട്ടില്‍ മിന്നാംമിനുങ്ങൊന്ന് പോകുന്ന കണ്ടെടി -അത് കുഞ്ഞാഞ്ഞയാണെന്ന് അറിഞ്ഞില്ല ഞാന്‍                    (ആരോടൊന്നും പറയാതെ... പോകുന്ന പോക്കിലെ ചിരി ഞാനും കേട്ടെടി -അത് കുഞ്ഞാഞ്ഞയാവൂന്നും ഒാര്‍ത്തില്ലല്ലോ പാട്ടിന്റെ താളത്തില്‍ ചോടുകള്‍ വച്ചിട്ട് കുഞ്ഞാഞ്ഞ പോയതും കണ്ടില്ല ഞാന്‍                             (ആരോടൊന്നും പറയാതെ... പഴങ്കഥ ചൊല്ലുമ്പോ നനവൂറും കണ്ണിന്റെ പിടച്ചിലില്‍ മുറിയുന്ന കഥയില്ലിനി പഴമ്പാട്ടില്‍ നാടിന്റെ നേരതു ചൊല്ലുന്ന നാവില്ലാതായി പോയല്ലോടി                   (ആരോടൊന്നും പറയാതെ...                   ------------------------      താന്നിപ്പാടം ശശി. ----------------------

ഊഞ്ഞാല്‍...

ആരാണ്ടോടിയ പാടവരമ്പത്ത് എങ്ങാണ്ടുന്നൊരു നായക്കുട്ടി മോങ്ങി വിളിച്ചിട്ട്, വാലുമടക്കീട്ട് തൂങ്ങാമ്പലായതു പാഞ്ഞുവല്ലോ -ഒരു തൂങ്ങാമ്പലായതു പാഞ്ഞുവല്ലോ                 (ആരാണ്ടോടിയ.......... തോട്ടുങ്കരയിലെ പുന്നമരത്തിലെ തൂങ്ങിയാടുന്നൊരു ഊഞ്ഞാലിലെ മുഞ്ഞിയും കുമ്പിട്ട് ആടി തിമിര്‍ക്കുന്ന നങ്ങേലി നീയൊരു കള്ളി തന്നെ -എടി നങ്ങേലി നീയൊരു കള്ളി തന്നെ                  (ആരാണ്ടോടിയ........... കന്നിനെക്കെട്ടുവാന്‍ വന്നവന്‍ നിന്നോട് കിന്നാരം ചൊല്ലുവാന്‍ നിന്നതല്ലേ ആളാരോ വന്നപ്പോ കാണാതിരിക്കാനായ് ഒാടി മറഞ്ഞതും സത്യമല്ലേ -അവന്‍ ഒാടി മറഞ്ഞതും സത്യമല്ലേ                   ( ആരാണ്ടോടിയ............

നാളെ ഞാന്‍....!

നാളെ ഞാന്‍ നല്ലൊരു കാറൊന്നു മേടിച്ചു കേറെന്നു ചൊല്ലി വിളിക്കും നേരം വിനയമുണ്ടാകണം മടിയേണ്ടതില്ലൊട്ടും ഒാടിക്കും ഡ്രൈവര്‍യ്ക്കരികിലല്ലേ                                           (നാളെ ഞാന്‍........) അറിയാതെ പറച്ചിലില്‍ തകരാറു വന്നാലും പറയാതിരിക്കണേ.. നാട്ടുകാരെ പണക്കാരനാവുമ്പോ പറച്ചിലില്‍ പതിവല്ലേ പറയരുതാത്തതും പന്തികേടും             ( നാളെ ഞാന്‍......) പിറകിലെ സീറ്റില്‍ ഞാന്‍ ചാഞ്ഞിരുന്നൊറ്റയ്ക്ക് ചാഞ്ചാടി താളത്തില്‍ പറയുന്നതും തലയാട്ടി താളത്തില്‍ സമ്മതം മൂളണം സമ്മതനായവന്‍ ഞാനല്ലയോ           ( നാളെ ഞാന്‍.......)                    ---------------------------        താന്നിപ്പാടം ശശി. ----------------------