വിവാഹ ജീവിതത്തിന്റെ ആദ്യ നാളുകളിൽ ആയിരുന്നു അയാൾ. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു വളരെ ദൂരെയുള്ള പഴയ സുഹൃത്തിന്റെ വീട് തേടിപ്പിടിച്ചുള്ള വരവ്. പ്രാഥമിക ക്ഷേമാന്വേഷണങ്ങൾ പരസ്പരം നടത്തിക്കഴിഞ്ഞ ശേഷം അപ്പോൾ അവിടെ ചെല്ലാനുള്ള കാരണവും പറഞ്ഞു.
' രേണുക ഒരു സമ്മാനം ഏല്പിച്ചിരുന്നു. അത് തരാനും കൂടിയാണ് ഞാൻ വന്നത് '
കേട്ടപാടെ അയാളുടെ മുഖം മ്ളാനമായെങ്കിലും അത് മറച്ചു പിടിച്ച് ഒരു കുറ്റബോധം അലട്ടും പോലെ അയാൾ പറഞ്ഞു.
' തിരക്കിനിടയിൽ രേണുകയേയും ക്ഷണിക്കാൻ മറന്നു.'
' സാരമില്ല ' . ആഗതൻ സമാധാനിപ്പിക്കും മട്ടിൽ പറഞ്ഞു.
' അതിന്റെ പേരിൽ ഇനിയുമൊരു പരിഭവം അവൾ പറയില്ല.'
ആഗതൻ സമ്മാനപ്പൊതി നീട്ടി.
പായ്ക്കറ്റിൽ നിന്നും പിച്ചളയിൽ നിർമ്മിച്ച സ്ത്രീ രൂപം എടുത്തു പൊക്കി അയാൾ ആഹ്ളാദത്തോടെ പറഞ്ഞു.
' വളരെ നന്നായിരിക്കുന്നു. എനിക്ക് ഇത് വളരെ ഇഷ്ടപ്പെട്ടെന്ന് രേണുകയോടു പറയണം.'
ആഗതൻ മിണ്ടിയില്ല.
' ഒരു പ്രത്യേക സാഹചര്യത്തിൽ അവളെ വേദനിപ്പിക്കേണ്ടി വന്നെങ്കിലും അവൾ എന്റെ മനസ്സിൽ എന്നും ഉണ്ടാകും.'
' ഇനി അതൊക്കെ പറഞ്ഞിട്ട് എന്തു കാര്യം.'
ആഗതൻ അതിൽ താല്പര്യമില്ലാതെ മറ്റൊന്നു പറഞ്ഞു.
' പിച്ചളയ്ക്ക് ഒരു പ്രത്യേകതയുണ്ട്. നല്ലവണ്ണം തേച്ചു മിനുക്കിയാൽ അത് സ്വർണ്ണം പോലെ തിളങ്ങും. ഇല്ലെങ്കിൽ തിരിച്ചറിയാൻ കഴിയാത്ത വിധം കറുത്തു പോവുകയും ചെയ്യും.'
' ഞാൻ ഇത് സ്വർണ്ണമായി എന്നും സൂക്ഷിക്കും.'
' നല്ലത്.'
ആഗതൻ യാത്ര പറഞ്ഞ് എഴുന്നേറ്റു. ഒരു നിമിഷം ആ ശില്പത്തിലേക്കു തന്നെ നോക്കി നിന്നു. പിന്നെ ഉള്ളിൽ പറഞ്ഞു. നിന്നെ ഈ കശ്മലന് പരിചയപ്പെടുത്തിയത് ഞാനാണ്. അതിനുള്ള ശിക്ഷയും ഞാൻ വഹിച്ചു കഴിഞ്ഞു. നിന്റെ ആത്മഹത്യാ കുറിപ്പിലെ ആവശ്യം പോലെ നിന്റെ ഭൗതികാവശിഷ്ടം അടക്കം ചെയ്ത ശില്പം ഞാൻ തന്നെ നിന്നെ ചതിച്ചവന് കൊടുത്തു കഴിഞ്ഞിരിക്കുന്നു. ഇനി എനിക്കു മാപ്പു തരണം...!
-------------------------
താന്നിപ്പാടം ശശി.
----------------------
-------------------------
താന്നിപ്പാടം ശശി.
----------------------
Comments
Post a Comment