Skip to main content

Posts

Showing posts from November, 2018

കവിത...... വിടവാങ്ങൽ

പതിയോടൊത്തു പിരിഞ്ഞു പോകയാൽ പടിവാതിൽമറപറ്റി വിങ്ങിനാൻ അരുതെന്നമ്മ വിലക്കവേ ചൊടി അവളോടൊത്തു വിറച്ചു താളമായ് അറിയാതമ്മ വിതുമ്പി നില്ക്കവേ അമരുന്നാ തനു ശേഷിയറ്റപോൽ ചെറുകുഞ്ഞായി ചുമന്നു പിന്നെയും ചെറുതായൊന്നു തലോടിയങ്ങനെ പരിഹാസം ചൊരിയാൻ വരൻ ചാരെ പതിയേ മേനി വിടർത്തവേ വീണു കരയുന്നാർത്തു വിളിച്ചവൾ വീണ്ടും കരയാനമ്മയുമൊപ്പമപ്പോഴും അടിവെക്കാൻ മടി കൂടുമാ പ്രായം പടിയങ്ങിങ്ങു നിരങ്ങിയൂർന്നതും പിടി വിട്ടങ്ങു തെറിച്ചു മണ്ണതിൻ മടിയിൽ.. !കൈത്തലമാട്ടിമാഴ്കയായ് കൈയയച്ചൊന്നു തലോടി വാത്സല്യം ' കരയല്ലേ സുഖമായ് കഴിഞ്ഞിടാം തനിച്ചാണമ്മയതും മറക്കണം തുണയെന്നും കണവൻ , മറക്കുമോ ? ജനനത്തോടെ പിതാവുമീ ദിനം ജനനിക്കു മേലെ, യേറുമെന്റമ്മ... ' ഇതുപോൽ ചൊല്ലിയിരുന്നു, കാലംപോയ് അവിവേകം, മകളേ..പുലമ്പുന്നോ !' കനവോടൊത്തകലെയെങ്കിലുമാ - കനലുള്ളിൽ പടരാതെ നോക്കിടാം ട്രെയിനെത്തും, സമയം കളഞ്ഞു നീ കരയുഗ്മത്തെ വിടർത്തിനാനമ്മ കരിമേഘം ചൊരിയാൻ തുടങ്ങിനാൻ കൈകളിൽനിന്നു പിടിവിട്ടുയരും കിളിയെപ്പോലവളങ്ങു നീങ്ങിനാൻ, കരളും ചീന്തിയെടുത്തു വണ്ടിയും.                 ...

കവിത ........ കടപ്പുറത്ത്

തുണിയഴിച്ച് കാറ്റേറ്റും വെയിലേറ്റും കടപ്പുറത്ത് കിടക്കുന്നൊരു തരുണി വാഴത്തടപോൽ രണ്ടും കുന്നുപോൽ രണ്ടും നോക്കിയില്ലെങ്ങും ഞാൻ വീണ്ടും വീണ്ടും എന്തിനു നോക്കണം സ്പഷ്ടമല്ലേ മായാത്ത മുദ്രകൾ മനസ്സിനുള്ളിൽ നഗ്നതയെവിടെത്തു ടങ്ങുന്നൊടുങ്ങുന്നു സന്ദേഹമൊട്ടുമലിഞ്ഞില്ലാതായില്ല ചൊടിയിലില്ല മുലക്കണ്ണിലുണ്ടു പക്ഷേ പൊക്കിൾച്ചുഴിയിലില്ല ;താഴെയുണ്ടല്പം കണ്ണിലുള്ളത് കണക്കാക്കിയിട്ടില്ല കരളിലുള്ളത് കണ്ടെത്തിയുമില്ല മൊഴിയിലേതിന് മൊഞ്ചുണ്ടെങ്കിലും പട്ടികമാറ്റിക്കൊള്ളിച്ചുംപോയി അഞ്ചാറടി പൊക്കത്തിൽ നഗ്നത മൂന്നു വിരലാൽ മറയ്ക്കാൻ മാത്രമോ ! എന്തിനിനിയും  മടിക്കുന്നു നാം വൃഥാ മൂന്നു വിരലും മാറ്റണം വെയിലേല്ക്കട്ടെ !                 -ൃ------------------------------------           താന്നിപ്പാടം ശശി --------------------------------------------

കവിത.... ചക്രവ്യൂഹം

അല്ലലിലെന്നുടെ ഭാവി മിനുക്കിയ നല്ലൊരുവൻ അന്ത്യമിതിങ്ങനെ തീർക്കുവതെന്തൊരു കഷ്ടമതായ് താണതിവേദനയോടെയുയർത്തിടുമാദരവിൽ സ്നേഹമിണക്കിയഴിച്ചിടുമേതൊരു രോധനവും ഏതൊരുമാർഗ്ഗമതുത്തമമായതു ചെയ്തിടുവാൻ രോഷഭയത്തെ തിരുത്തിയുണർത്തിയുയർത്തിടുവാൻ നന്ദി മറന്നവളെന്നൊരു ദോഷമുയർത്തിടുമോ കർമ്മഫലത്തെയറിഞ്ഞുരുകുന്നൊരു പാതകി ഞാൻ കൂടെയിറങ്ങി തുണയ്ക്കുവതെങ്ങനെ കാമുകിയോ കുട്ടികളുള്ളവളെങ്ങനെ കാമ്യമനോഹരിയായ് വേലയെടുത്തു കുഴഞ്ഞുതളർന്നൊരു കാന്തനെയും പാടെ മറന്നതിവേഗമിറങ്ങുക കല്പനയായ്.                ------------------------------------------          താന്നിപ്പാടം ശശി ----------------------------------------

കവിത എന്റെ നാട്

സഹ്യസാനുവിൽ ഹരിതചേലയിൽ കൃശാംഗിയായൊരാൾ ചിലങ്ക കെട്ടുന്നു പക്ഷീകൂജനം മൃഗസ്വനങ്ങളും കളകളാരവം പൊഴിക്കും ചോലകൾ എന്റെ നാടിത് കേരളനാട് കേളികൾക്കിത് പുകൾപെറ്റ നാടല്ലോ കഥകളിയതും കൂത്തുമൊക്കെയും നിറഞ്ഞു നിന്നൊരു പുണ്യനാടിത് മതങ്ങളുണ്ടിതിൽ ജാതിയുണ്ടിതിൽ ഏകതയ്ക്കെന്നാൽ കുറവുമില്ലിതിൽ ഒരു ചരടിലായ് പിരിഞ്ഞ നാരുപോൽ തെളിഞ്ഞിടത്തതാം വൈചിത്ര്യമൊക്കെയും.                   --------------------------------------              താന്നിപ്പാടം ശശി -------------------------------------------െ--

കവിത സഖിയോട്

തരിക ഹൃത്തടനീറ്റിൽ നിന്നിത്തിരി നനവ്, ചാലിച്ചെടുക്കട്ടെ വ്യഥ ഞാൻ ശോകഭാവം നിനക്കെത്ര ചേരുന്നു പ്രിയേ ഞാനണിഞ്ഞെത്തട്ടെ നിനക്കൊപ്പം വരിക നീയെൻ ചാരെ വിശുദ്ധിതൻ അഷ്ടഗന്ധം പുകഞ്ഞെന്നിൽ നിറയട്ടെ ! വിശുദ്ധിയഖിലം നിനക്കേകും ചേർച്ചയിൽ ഒത്തുചേരുവാൻ ഞാനും വിളങ്ങട്ടെ പറയൂ നിന്നുടെ വശ്യമനോഹര - ഭാവമതിൽ പിന്നെന്തു ചേരുന്നു സമൃദ്ധിവിട്ടു ഞാൻ ദാരിദ്ര്യദുഃഖം സ്വയംവരിച്ചാൽ തിളങ്ങുമോ ചൊല്ലുക.                     -----------------------------------------                 താന്നിപ്പാടം ശശി ---െ---------------------------------------------------