Skip to main content

Posts

മുല്ലയും തേന്മാവും

മുറ്റത്തു പൂവിട്ട മുല്ലയ്ക്കു ചേർന്ന - ചേണുറ്റ കമ്പാർന്ന പൂത്തുള്ള വൃക്ഷം കോലാറു പൊക്കത്തിനൊത്തുള്ള വണ്ണം കാറ്റൊത്തുയാട്ടം നടത്തുന്നു മാവും എന്തെന്നു ഭാവങ്ങളുല്ലാസയാട്ടം ,രണ്ടാളു ചേർന്നങ്ങു ചെയ്യുന്ന നേരം ഉള്ളാലെ കണ്ടും രസിക്കുന്നു ഞാനും കണ്ടെത്തി കാന്തയുമെന്നോടു ചേർന്നാൻ മുല്ലയ്ക്കു രോഷം കലർന്നുള്ള നോട്ടം പൊത്തിപ്പിടിച്ചുള്ള ശക്തിപ്രയോഗം വേണ്ടെന്നു ചൊല്ലുന്നു നിശ്ശബ്ദഭാവം കാണാതെയാട്ടത്തിലാഴുന്നു മാവും ഒന്നോർത്തുനോക്കിപ്പറഞ്ഞാലുമൊക്കും കാന്തയ്ക്കു ദുർച്ചിന്തയാളുന്നവണ്ണം 'പെണ്ണേ നിനയ്ക്കൊത്ത ചങ്ങാതി 'ചൊന്നാൻ കണ്ണിൽ ചിരിച്ചാർത്തു തഞ്ചം മൊഴിഞ്ഞാൻ.                ----------------------------------------           താന്നിപ്പാടം ശശി --------------------------------------------

പ്രേമം

എന്തെന്നറിയാത്ത നൊമ്പരം തീർക്കുന്ന ആലസ്യമാകുമോ പ്രേമം സങ്കോചമേറിപ്പറയാൻ മടിക്കുന്ന സങ്കല്പമാകുമോ പ്രേമം                     (എന്തെന്നറിയാത്ത..... സ്വപ്നത്തിൻ ഭാണ്ഡം തുറന്നിട്ടു നോക്കുന്ന ജിജ്ഞാസയാകുമോ പ്രേമം ആർത്തുല്ലസിച്ചെത്തി കോരിത്തരിപ്പായ ചാറ്റൽമഴയാണോ പ്രേമം                     (എന്തെന്നറിയാത്ത...... ഏതെന്നു കാട്ടാതെയുള്ളിൽ ത്രസിക്കുന്ന ആനന്ദമാകുമോ പ്രേമം പേരെന്തുമാകട്ടെ ! യാകെത്തരിപ്പിച്ച ലോലവികാരമീ പ്രേമം !                     (എന്തെന്നറിയാത്ത......                        ------------------------------------------         താന്നിപ്പാടം ശശി -------------------------------------------

കന്നിഗർഭം

പണ്ടുപണ്ടിപ്രകാരം പറഞ്ഞുവോ ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം നാട്ടുപാതയിൽ നാം പണ്ട് നിന്നിട്ടാ സ്വപ്നലോകം പണിഞ്ഞിടും നാളിലോ ഇഷ്ടപ്രേയസ്സീ നീയെന്റെ ചാരത്ത് ആത്മരോമാഞ്ചമേകുന്ന വേളയിൽ വാക്കുചൊല്ലാത്തതാകട്ടെയെങ്കിലും മോഹം സാധിപ്പതുണ്ടെന്നു ബോദ്ധ്യമായ് ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം ശങ്ക വേണ്ടാ പറഞ്ഞീടണം പ്രിയേ.. ' എങ്കിൽ കേൾക്കന്റെ ജീവന്റെ വെട്ടമേ' കൊഞ്ചും കുഞ്ഞായി ചെമ്മേ മൊഴിഞ്ഞവൾ നല്ല നെയ്യുള്ള പോത്തിന്റിറച്ചിയും ഉപ്പിൽ മുക്കാൻ പുളിക്കുന്ന മാങ്ങയും അറ്റം പല്ലാൽ കടിച്ചിട്ടു മോന്തുവാൻ നെല്ല് പാലുള്ള പാകത്തിലേകണം.                      --------------------------------------                താന്നിപ്പാടം ശശി ----------------------------------------------

കവിത... വഴിവക്കിൽ

പാതവക്കിൽ തണലറ്റു നില്ക്കുന്നു പാതി വെന്തൊരു പാഴ്മര ഭീമൻ പഥികരായവർ എത്രയോ നെടുവീർപ്പ് പടുപടായെന്നു വിട്ടങ്ങു നിന്നിടം ! ഏസി മൂളുന്ന വാഹനം കിടപ്പുണ്ട് ഏറിയാലിരുപത് തികയാത്ത പയ്യനും ഫോണിലെന്തോ കണ്ടു രസിക്കുന്നു പതുപതുത്ത സീറ്റിൽ ചാഞ്ഞവൻ വയൽത്തടംപോലെ ചുണ്ടു വരണ്ടു ഇറ്റു വെള്ളം കുടിക്കുവാനായെങ്കിൽ നോട്ടം നീളെ നീണ്ടങ്ങ്, കണ്ടൊന്ന് വെയിലു താണ്ടണം ,കടയുണ്ട് ദൂരയായ് പണ്ടീ വഴിയോരം നീളെ കശുമാവിൻ നിരകളായിരുന്നന്നങ്ങിരുവശം പഴുത്ത മാങ്ങകൾ നല്ലോണം തുടച്ചിട്ട് ചവച്ചു നീരിറക്കുന്നതതോർത്തയാൾ കാലം മാറി, നാടിതും മാറിപ്പോയ് കായലായി റോഡിതു വീതിയിൽ ഭാരവണ്ടികളിരച്ചു കടന്നുപോയ് ഭാരമായിരുന്നയാൾ വഴിവക്കിൽ.                     ------------------------------------              താന്നിപ്പാടം ശശി --------------------------------------------

വാ തുറന്നാൽ..

പറയാനുള്ളതു വായിൽ വന്നാൽ തിരയാനുള്ളതു തിരയുക വേണ്ടേ നമ്മുടെ നായകരായവരൊന്നും അതിനൊരു നേരം കാണുന്നില്ല വായിൽ തോന്നിയാൽ കോതയ്ക്കുണ്ടോ വകതിരിവെന്നൊരു സാധനമുള്ളിൽ കൈയടി നേടാൻ കഴിയുന്നെങ്കിൽ കൈയോടവയെ വാരിത്തൂവും വിദ്വാന്മാരിലുമുണ്ടീ വകകൾ വായ തുറന്നാൽ വിദ്യ മടങ്ങും ആളൊരു വിദ്വാനാണെന്നൊരുവൻ അറിയാൻവേണ്ടി പറഞ്ഞാ,ലേശാ നല്ലൊരു രൂപം വേഷവുമിണങ്ങും മാന്യത തൊട്ടങ്ങെടുക്കാം വേഗം വായ തുറന്നാൽ തീർന്നു നമ്മുടെ മ്ലാനത മൊത്തം മുഖമങ്ങണിയും സഭ്യത  എന്തെന്നറിയാത്തോരുടെ ലഭ്യത നാട്ടിൽ കുറയില്ലെന്നും ഒത്തുനടക്കാനാവില്ലെങ്കിൽ ചത്തുകിടക്കുകതന്നെവേണ്ടൂ.                     ----------------------------            താന്നിപ്പാടം ശശി -----------------------------------------

കവിത.....ദുരിതം

ഒരുമയിലരിശം വീണുകഴിഞ്ഞാൽ പൊതുവഴിയെന്നതു കാഴ്ചയിലില്ല അടിപിടികൂടി ജയിക്കുകയെന്നത് ചിലരുടെ വാശിയിലുള്ള വികാരം ഏഷണി, ഭീഷണി അതിനിടെ സമരം വണ്ടി നിരത്തിലിറങ്ങാതകലും മിന്നൽസമരം കഷ്ടതയേകും ബഹുജന ഹൃത്തിൽ പരിഭവമേറ്റും പമ്പരവങ്കർ പൊതുജന,മെന്നാൽ സഹനംകൊണ്ടതു മൂടി മറയ്ക്കും കനിവതു വേഗം തരണേയെന്നൊരു പരിഭവഭാവംമാത്രമവർക്കും അധികാരികളോ നിദ്ര നടിക്കും അഭിനയമികവതു മത്സരമാക്കും എന്തിനു പറയണമിക്കാര്യങ്ങൾ! പൊതുജനമല്ലോ നന്നാകേണ്ടൂ                     --------------------------------               താന്നിപ്പാടം ശശി. --------------------------------------------

കവിത......പ്രിയേ...

സങ്കല്പ വായുവിമാനത്തിലേറി ഞാൻ എന്നും വരാറുണ്ട് ചാരെ നീയുറങ്ങീടുമറയുടെ ജാലകം വിരി നീക്കിക്കാട്ടുമെന്നെ തൂവെള്ള വിരിപ്പിന്റെയോരത്തു ചേർന്നു കാത്തുമടുത്തയുറക്കം ചുണ്ടിലെ പരിഭവപ്പൂവതു വാടി ചേർന്നുപതിഞ്ഞതും കാണും ആ മുഗ്ദ്ധയൗവന സുന്ദര രൂപമെൻ ആത്മാവിൽ രോമാഞ്ചമാകെ നെഞ്ചുടൻ തേങ്ങുന്നു മിഴികളിലശ്രു ചാലുകളാകുന്നു വേഗം.                     ---------------------------------------               താന്നിപ്പാടം ശശി. ------------------------------------------