അവിടവിടെ മുറിഞ്ഞും ചെളിഞ്ഞും കിടക്കുന്ന പാടവരമ്പ്.ഇടയ്ക്കിടെ ഏറെ ക്ളേശിച്ച് പതുക്കെയും അല്ലാത്തപ്പോൾ ഉത്സാഹിച്ചുമാണ് അവർ നടന്നത്. ഇരുന്നൂറ് ഏക്കറോളം പരന്നു കിടന്ന പാടശേഖരത്തിൽ അവശേഷിച്ച ഒരു തുണ്ടം.
അവഗണിക്കപ്പെട്ട ഒരു പുരാവസ്തു കാണും പോലെ അയാൾ നൊമ്പരത്തോടെ നോക്കി നിന്നു. മൂന്നു പൂ നെൽ കൃഷി തകൃതിയായി നടന്നിരുന്നു. തികട്ടി വന്ന ഓർമ്മകളിൽ ഒന്നു മാത്രം അയാളെ വല്ലാതെ സ്പർശിച്ചു. അപ്പോൾ ഉണ്ടായ തരിപ്പിൽ അയാളുടെ ഉൾക്കണ്ണ് കുറെക്കൂടി കാഴ്ചയുള്ളതായി.
അയാളും അമ്മയും കൊയ്ത്തിനുള്ള തയ്യാറെടുപ്പോടെ പാടത്തു നില്ക്കുകയാണ്. നിലമുടമ അധികം വരുന്ന കൊയ്ത്തുകാരെ കയറ്റി വിട്ടു വരുന്നു. ഉൽക്കണ്ഠയ്ക്ക് കാര്യമില്ലെങ്കിലും അമ്മ എരിപൊരി കൊണ്ടു.അതിന്റെ തള്ളലിൽ അല്പം മുന്നോട്ട് ചെന്ന് ഭവ്യതയോടെ പറഞ്ഞു.
' ചാരവും തൂപ്പും ഞാനിതിൽ ഇട്ടിരുന്നു. '
നിലമുടമ തലയാട്ടി. അമ്മയ്ക്കു സന്തോഷമായി.
വളമിട്ട കണ്ടം കൊയ്യാനുള്ള അവകാശം ഇട്ട ആൾക്ക് എന്നതാണ് കീഴ്വഴക്കം. കൊയ്ത്തിനൊപ്പം കറിക്ക് വെട്ടിപ്പിടിക്കാൻ ബ്രാലും മുഷിയുമൊക്കെ ഉണ്ടാകും കണ്ടത്തിൽ. കരിക്കാച്ചി ഞണ്ട് ചുട്ടു കാന്താരി മുളകും ചേർത്ത് ചമ്മന്തി അരയ്ക്കും. ഞവുണിക്ക പുഴുങ്ങി തോടു കളഞ്ഞ് കഷണങ്ങളാക്കി വരട്ടും. അയാൾ ഒന്നും മറന്നിട്ടില്ലായിരുന്നു.
' എവിടെ '
മുന്നിൽ നടന്നിരുന്ന പേരക്കുട്ടി തിരിഞ്ഞു നിന്നു ചോദിച്ചു.
' എന്ത് ' അയാൾ പെട്ടെന്ന് അങ്ങനെ ചോദിച്ചു പോയി.
' ങ്ഹാ പറ്റിക്വേയിരുന്നോ '
ചെറുക്കൻ അയാളുടെ കൈത്തണ്ടയിൽ ബലമായി അമർത്തി പ്രതിഷേധിച്ചു.
' നീ നടക്കു മോനെ. കാണും... കാണാതിരിക്കില്ല.'
പെട്ടെന്നു ഒരു രൂക്ഷഗന്ധം അവരുടെ മൂക്കിലേക്ക് ഇരച്ചു കയറി.
' അയ്യോ !' ചെറുക്കൻ മൂക്കു പൊത്തി. തൊട്ടടുത്ത് കൂട്ടിയിട്ട ചാക്കു കെട്ടുകളിൽ എന്തൊക്കെയോ ചീഞ്ഞ വസ്തുക്കൾ. കുറ്റിക്കാടു മറയ്ക്കുന്നതു കൊണ്ട് അത് ആരുടെ ശ്രദ്ധയിലും പെട്ടെന്നു പെടില്ലായിരുന്നു.
പവിത്രമായി കാത്തു സൂക്ഷിച്ചു പോന്ന നെൽവയലുകളുടെ ഒരു ഗതി ! അയാൾ സങ്കടപ്പെട്ടു. എത്ര തലമുറകളുടെ കാർഷിക ജീവിത സംസ്കാരമാണ് ഇവിടെ അലങ്കോലപ്പെട്ടു പോയത്. അവരുടെ നൂറ്റാണ്ടുകളായി വീണ വിയർപ്പു കണങ്ങളും പാഴായിപ്പോയില്ലേ.
' നമുക്ക് തിരിച്ചു പോകാം '
ചെറുക്കൻ ശാഠ്യം പിടിച്ചു. നഗരത്തിൽ ജോലിയുള്ള മകനോടൊപ്പം ഫ്ളാറ്റിലേക്ക് പോകേണ്ടി വന്നപ്പോൾ അയാൾ ഗ്രാമത്തിന്റെ ഇങ്ങനെയൊരു പരിണാമം പ്രതീക്ഷിച്ചതല്ല. നെൽച്ചെടി കാണണമെന്ന് വാശി പിടിച്ച കുട്ടിയോട് വെക്കേഷന് നാട്ടിൽ കൊണ്ടു പോയി എല്ലാം കാണിച്ചു തരാമെന്ന് അയാൾ ഉറപ്പായി പറഞ്ഞത് കുറച്ചങ്കിലും ഉണ്ടാകുമെന്ന ധൈര്യത്തിലായിരുന്നു.
മാംസാവശിഷ്ടം ചീഞ്ഞ മണമാണെന്ന് അറിഞ്ഞതോടെ അയാളും തിരിഞ്ഞു നടന്നു.
' എവിടെ നെൽച്ചെടി '
ചെറുക്കൻ കുത്തിക്കുത്തി ചോദിച്ചു. കുറച്ചു നേരം ഒന്നും പറയാൻ ആയില്ലെങ്കിലും പിന്നെ അയാൾ ഓർത്തു പറഞ്ഞു.
' നമുക്ക് ഏതെങ്കിലും പശുത്തൊഴുത്തിനടുത്ത് അന്വേഷിക്കാം. പശുവിന് വൈക്കോൽ തിന്നാൻ കൊടുക്കുന്നുണ്ടെങ്കിൽ തീർച്ചയായും അതിന്റെ പരിസരത്ത് കാണും '
' മതി ' ചെറുക്കൻ സമ്മതിച്ചു. അവന് ഉത്സാഹമായി.
' ഞാനത് ചെടിച്ചട്ടിയിൽ നട്ട് നിരീക്ഷിച്ചോളാം '
അയാൾ ഒന്നും പറഞ്ഞില്ല. അല്ലെങ്കിൽ അയാൾ എന്ത് പറയാനാണ്. ഒരു സംസ്കൃതിയുടെ അന്ത്യമോർത്തുള്ള നൊമ്പരാഗ്നിയിൽ ചെറുക്കന്റെ വാക്കുകൾ നെയ് പകരുകയായിരുന്നല്ലോ.
--------------------
താന്നിപ്പാടം ശശി.
-------------------------
എന്തുവേണമെന്ന ചിന്തയുള്ളിലാകെപ്പടരവേ ചിന്തിച്ചോരത്തണൽ കണ്ടു കയറിനിന്നു കായലോളം തള്ളുന്നുണ്ട്,അതിനൊപ്പം ജനങ്ങളും കരളപ്പോളാവേശത്താൽ നിറഞ്ഞുനിന്നു പോകവേണമെന്ന ചിന്ത മറന്നുപോയ് തരിച്ചു ഞാൻ വാകമരത്തണൽ ചൂടി ലയിച്ചു നില്ക്കേ ദൂരെദിക്കിൽ നിന്നു വന്ന ഒരുത്തനെന്നുള്ള ചിന്ത പാരവശ്യം കൂട്ടാൻ പെട്ടെന്നിടയ്ക്കു വന്നു ഇരുട്ടുകുത്തികളപ്പോൾ മിന്നലായി പാഞ്ഞുപോയി കരുത്തനെയറിയാതെ മിഴികൾമങ്ങി തിരിഞ്ഞൊന്നു നോക്കുമ്പോഴോ വരുന്നുണ്ട് വീണ്ടും നിര തരിപ്പിലാ ഭേദം കാണാൻ കഴിഞ്ഞുമില്ല സഞ്ചിയിലെ മത്സ്യഭാരം മണക്കുന്നു ബോദ്ധ്യമായി സൽക്കാരത്തിനുള്ളതിനി വേറെ വാങ്ങണം വേണ്ടായെന്നു ചിന്തിച്ചു ഞാൻ മടിഞ്ഞെത്തി കുടുങ്ങിപ്പോയ് വേണ്ടാത്തിനമായിപ്പോയി മത്സ്യഭാരവും. ---------------------------------- താന്നിപ്പാടം ശശി -------------------------------------------
Comments
Post a Comment