അക്കൗണ്ട് സെക്ഷനിലേക്ക് പുതുതായി നിയമനം കിട്ടി ചെന്ന ഗീതുവിന് കഴിഞ്ഞ ദിവസം വരെ നന്ദഗോപൻ ഒരു ശല്യക്കാരൻ ആയിരുന്നില്ല. അയാളുടെ ആരാധനാ ഭ്രാന്തിനു മുന്നിൽ പൊന്മാനായി ആടി കുറെ സുഖിക്കുകയും ചെയ്തതാണ്.
വൈകിയാണെങ്കിലും പിടിച്ചത് പുലിവാൽ ആണെന്ന് ഗീതുവിന് തോന്നി. ഗൾഫിൽ നിന്നും ഭർത്താവ് നാട്ടിൽ എത്തുമ്പോൾ എന്തെങ്കിലും പൊട്ടിച്ചിതറി ആ കാതിൽ ചെന്ന് വീണാൽ...
നന്ദഗോപൻ അയച്ച രക്തം കൊണ്ട് എഴുതിയ കത്തും ആത്മഹത്യാക്കുറുപ്പിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയും ഗീതുവിന്റെ കൈയിൽ ഇരുന്നു വിറച്ചു.
എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിച്ചപ്പോഴാണ് സഹ പ്രവർത്തകരിൽ ചിലർ അവളെ ആശ്വസിപ്പിച്ചത്.
' ഒന്നു കൊണ്ടും വിഷമിക്കേണ്ട ഗീതു. ഇത് നന്ദഗോപന്റെ സ്ഥിരം പരിപാടിയാണ്. '
എങ്കിലും അടുത്ത കൂട്ടുകാരി അല്പം ശാസനാ രൂപത്തിലാണ് പറഞ്ഞത്.
' വിവാഹിതയാണെന്ന കാര്യം മറച്ചു വെച്ചത് ഒട്ടും ശരിയായില്ല.'
' എല്ലാം എന്റെ തെറ്റ്. ഏതെങ്കിലും ഒരു വഴി പറഞ്ഞു തരണം.'
അവൾ കാലു പിടിച്ചു.
കൂട്ടുകാരിയാണ് മാർഗ്ഗം പറഞ്ഞത്.
' കണ്ണിന് കണ്ണ്, ചോരയ്ക്കു ചോര.ഒട്ടും പിറകോട്ടു പോകാതെ കാര്യവും നടക്കും.'
ആ രാത്രി അവൾ നന്നായി ഉറങ്ങി.
പിറ്റേന്ന് കത്തിൽ ആവശ്യപ്പെട്ട സമയത്തു തന്നെ ഗീതു കാന്റീനിൽ എത്തി. നന്ദഗോപന്റെ സന്തോഷത്തിന് അപ്പോൾ അതിരില്ലായിരുന്നു. ഒരു ഒഴിഞ്ഞ കോണിലേക്ക് ക്ഷണിച്ച് ഇരുത്തി അയാൾ ഐസ്ക്രീം ഓർഡർ ചെയ്തു. അതിനകം ഗീതു കഴുത്തിലെ മാല തിരിച്ചിട്ടിരുന്നു. പുറത്ത് സാധാരണ കണ്ടിരുന്ന ലോക്കറ്റുള്ള ഭാഗം അപ്പോൾ മുടിക്കെട്ടിന് അടിയിൽ മറഞ്ഞു.
കാര്യത്തിലേക്ക് കടക്കും മുമ്പ് അയാൾ തന്റെ പ്രേമഭാജനത്തെ അഭിമാനത്തോടെയും ആഗ്രഹത്തോടെയും ആകെയൊന്നു നോക്കി. മനോരാജ്യത്തിന്റെ മാസ്മര പ്രഭയിൽ അദൃശ്യമായിരുന്നതൊക്കെ കണ്ടു നീങ്ങുമ്പോൾ പെട്ടെന്നാണ് അയാൾ ഗീതുവിന്റെ മാലയിൽ താലി കണ്ടത്.
' ങേ...ഗീതു വിവാഹിതയാണല്ലേ '
അയാളുടെ തകർന്ന മനസ്സിന്റെ രോദനം ഗീതുവിനെ പുളകം കൊള്ളിച്ചു. ഒന്ന് ശരിക്കും ഉറങ്ങാൻ കഴിയാത്ത ദിവസങ്ങളാണല്ലോ കടന്നു പോയിരുന്നത്...
' അയ്യോ ! അപ്പോൾ നന്ദഗോപന് അത് അറിയില്ലായിരുന്നോ'
ഗീതു അജ്ഞത നടിച്ചു.
അയാൾ എഴുന്നേറ്റു.
' നന്ദഗോപൻ നില്ക്കൂ '
ഗീതു വിളിച്ചിട്ടും അയാൾ നിന്നില്ല.
ഐസ്ക്രീം നുണഞ്ഞു തീർക്കുമ്പോൾ അവൾ ആലോചിച്ചത് നന്ദഗോപനെക്കുറിച്ചു തന്നെ ആയിരുന്നു. അയാളെ കുറിച്ച് അന്വേഷിച്ചില്ലായിരുന്നെങ്കിൽ താൻ ഇതിനകം നീറി മരിക്കുമായിരുന്നല്ലോ. പിണങ്ങിയുള്ള ഈ പോക്കിലും അയാൾ വല്ല കടും കൈയും ചെയ്താലോയെന്ന് സംശയിക്കുമായിരുന്നു.
ഭാഗ്യം ! . കാന്റീനിൽ നിന്നും മടങ്ങുമ്പോൾ അവൾക്ക് ജീവിതം തിരിച്ചു കിട്ടിയ ആഹ്ളാദമാണ് തോന്നിയത്.
------------------
താന്നിപ്പാടം ശശി.
------------------------
'
Comments
Post a Comment