ആ കിടപ്പിൽ കിടന്നു കൊണ്ട് അച്ഛൻ മകനെ വിളിച്ചു പറഞ്ഞു.
'ഞാൻ മരിക്കാൻ പോകേണ്. നിന്റെ പ്രായത്തിൽ ഞാൻ ഒരുപാട് സമ്പാദിച്ചിരുന്നു. നിനക്ക് അതിനു കഴിഞ്ഞില്ല.നിന്നെ കുറിച്ചൊരു സ്വപ്നം പോലുമില്ലാതെ എങ്ങനെയാണ് ഞാൻ മരിക്കുക.'
വൃദ്ധന്റെ വിമ്മിട്ടം തൊണ്ടയിൽ ഉടക്കി കണ്ണീരായി.
' അച്ഛൻ ഒന്നു കൊണ്ടും വിഷമിക്കണ്ട.' മകൻ പറഞ്ഞു.
' അച്ഛന്റെ സമ്പാദ്യം കൊണ്ടു തന്നെ അച്ഛൻ ഉണ്ടാക്കിയതിന്റെ മൂന്നിരട്ടി ഞാൻ ഉണ്ടാക്കും. അതിനുള്ള വഴികളും എനിക്കറിയാം. '
അച്ഛന്റെ മുഖം പ്രസന്നമായി. ആ കിടപ്പിൽ കിടന്നു തന്നെ വൃദ്ധൻ അവസാനത്തെ ശ്വാസവും എടുത്തു.
ഇപ്പോൾ ആ മകൻ അഗതിമന്ദിരത്തിലെ ആൽത്തറയിൽ കിടക്കുകയാണ്. അരികിൽ കൂട്ടിനു കിട്ടിയ അന്തേവാസിയും ഉണ്ട്. അന്തേവാസിയെ അടുത്തു വിളിച്ച് അയാൾ പറഞ്ഞു.
' ഞാൻ മരിക്കാൻ പോവുകയാണ്. അച്ഛൻ ഉണ്ടാക്കി വലുതാക്കിയ മുഴുവൻ സമ്പാദ്യവും ഞാൻ തുലച്ചു.ഞാനായിട്ട് ഒന്നും ഉണ്ടാക്കിയുമില്ല. ഈ അവസ്ഥയിൽ എനിക്ക് എങ്ങനെ മനസ്സമാധാനത്തോടെ മരിക്കാനാവും. '
അയാളുടെ വിമ്മിട്ടം തൊണ്ടയിൽ ഉടക്കി കണ്ണീരായി.
' ഒന്നു കൊണ്ടും വിഷമിക്കരുത്.'
അന്തേവാസി പറഞ്ഞു.
' അച്ഛൻ ജനിപ്പിച്ചതു കൊണ്ടാണ് സമ്പാദിച്ചത്. താങ്കളാകട്ടെ ആരെയും ജനിപ്പിച്ചുമില്ല, അതിന്റെ പേരിൽ സമ്പാദിച്ചുമില്ല.'
അയാളുടെ മുഖം പ്രസന്നമായി. ആ കിടപ്പിൽ കിടന്നു തന്നെ അയാൾ അവസാനത്തെ ശ്വാസം എടുത്തു.
-------------------
താന്നിപ്പാടം ശശി.
---------------------------
Comments
Post a Comment