Skip to main content

Posts

ക്രിസ്മസ് രാവേ..

പുതച്ച മുണ്ടാൽത്തന്നെ കുളിരകറ്റിക്കൊണ്ടു പള്ളിയിലേക്കു പാത നീളുന്ന വഴിവക്കിൽ കാഴ്ചയ്ക്കു വിളക്കൊന്നു തെളിച്ചു വിണ്ണിൽവെച്ചു പാതിരാക്കുർബ്ബാനയ്ക്കായ് ആളെത്തുന്നതും നോക്കി സ്വാഗതമോതി നില്ക്കും സൗമ്യയാം ക്രിസ്മസ് രാവേ.. മാറ്റമില്ലാതെയിന്നും വരില്ലേ പതിവുപോൽ പ്രണാമം ചൊല്ലിടുന്നു പുൽനാമ്പുപോലും മണ്ണിൽ !                     ------------------------                താന്നിപ്പാടം ശശി -----------------------------------------

അണഞ്ഞ ദീപം

തിരുവോണനാളിലെ സദ്യയിൽ ഇലയിട്ടു കാന്തനിരിക്കവേ കറിയേഴു തീർത്തതു കണ്ടതും മിഴികൊണ്ടുഴിഞ്ഞതുമോർപ്പു ഞാൻ പുതുപെണ്ണുവെച്ചതൊരത്ഭുതം കനവെന്ന ശങ്കയടങ്ങവേ പുണരാതെ നിന്നു, വിടാതെയും ചിരിപൊട്ടുവോളമതങ്ങനെ ഇനിയത്തെയോണ,മിരട്ടിയാൽ മിഴിയങ്ങു തള്ളുവതോർക്കണം മൊഴിയാതെതന്നെ മനസ്സതിൽ പതിവുള്ള വാശിയിലൂന്നി ഞാൻ തിരുവോണനാളു പിറക്കവേ അകതാരിലോർമ്മ വിളമ്പവേ മിഴിനീർക്കണങ്ങളടങ്ങുമോ വിധിയെന്നു ചൊല്ലുവതെങ്കിലും.                 ----------ൃ----------------          താന്നിപ്പാടം ശശി ----------------------------------

പ്രണയാർദ്രം

മദനഭ്രമാർജ്ജിത ലോചനം സജലാർദ്രകമ്പിത ചുണ്ടിണ അരയന്നതാള നടപ്പതിൽ ഇളകുന്നു നെഞ്ചിലെ മഞ്ജിമ ഒരുവേള നിന്നുതിരിഞ്ഞതും അതിവേഗമോടെ നടന്നതും അളകത്തെ കെട്ടിലുലച്ചതും അറിയുന്നു ഞാനതു നിത്യവും പ്രിയമായി ചൊല്ലുവതെങ്ങനെ പ്രണയാർദ്ര മാനസമോടെ ഞാൻ പലവട്ടമുള്ള തപസ്സിതിൽ തെളിയാതെ ദേവി, മറയ്ക്കയാൽ.                ---ൃ------െെ-െെ---െ-------െ-ൃ-െെ         താന്നിപ്പാടം ശശി --

ഹർഷകണങ്ങൾ

ഒരുനോക്കുകൊണ്ടു കൊതിച്ചതും ഒരുവാക്കുകൊണ്ടു പകച്ചതും ഒരുവേള നിന്നുതരിച്ചതും അറിയാതെപോയി മനോഗതം വരദാനമായതു ചന്തമോ അഭികാമ്യ ഭാവമരീചിയോ തെളിനീരു ചൂടി നിനയ്ക്കുകിൽ കുളിരായി, ഹർഷകണങ്ങളായ് ഇനിയിത്രയില്ലതു ചൂടുവാൻ കൊതികൊണ്ട കാലമടുത്തുപോയ് അടിവെച്ചു ചെല്ലണമന്നു ഞാൻ കനവാകെ താലിയിലാക്കുവാൻ.                ----------------------------          താന്നിപ്പാടം ശശി ------------------------------------

ചതിക്കുഴികൾ

നിയതം, നിരങ്കുശപുഞ്ചിരി ചൊരിയുന്നിണച്ചൊടി ചേർത്തു നിൻ പരിരംഭണത്തെ മറക്കിലും മതിയായ് മറന്നതു, മായുമോ വിളറുന്നുവോ,യിടതിങ്ങിയ ഇതളാർന്ന പൂക്കൈത പൂവു നീ കരിവണ്ടു മൂളിയ പാട്ടതിൽ പുണരാൻ കൊതിച്ചു, വഴങ്ങിയോ കരിമേഘ കശ്മലചെയ്തികൾ അറിയാതെ,യമ്പിളി ദൂരെ യാ - നിറശൂന്യതയ്ക്കു നിമിത്തമായ് പരിരംഭണത്തിലമർന്നുവോ.                -----ൃ---െ-------------െ        താന്നിപ്പാടം ശശി -ൃ---ൃ-------------------------

കഥ.......പിന്നാമ്പുറം.

     വിശ്വാസത്തിനും അവിശ്വാസത്തിനുമിടയിൽ ഞെരുങ്ങിയ വരമ്പിലൂടെ നടക്കുമ്പോൾ രേണുക ഓർത്തു. സാമ്പത്തിക ഭദ്രതയോ സ്ഥാനമാനങ്ങളുള്ള ബന്ധുജനങ്ങളോ ഇതുവരെ രാധികയുടെ സംസാരത്തിൽ കടന്നു വന്നിട്ടില്ല. പിന്നെന്താ ഇന്നു ഇങ്ങനെ..ചിലപ്പോൾ പെട്ടെന്നു ഊറുന്ന പരിഭ്രാന്തി, മ്ലാനത. അല്ലാത്തപ്പോൾ അമിതമായ ആഹ്ലാദം. ഈ പെണ്ണിനെന്താ വട്ടു പിടിച്ചോ ! അവൾ കാണിക്കുന്ന ബന്ധുക്കളുടെ വീടുകൾക്കൊക്കെ എത്ര വലിപ്പമാണ്. ചിലതു കൊട്ടാരങ്ങൾ തന്നെ. അച്ഛൻ ഡോക്റ്ററും അമ്മ പ്രൊഫസ്സറുമായതിൽ ഊറ്റം ഭാവിച്ചിരുന്ന രേണുകയ്ക്കു സങ്കോചം തോന്നി. ജീവിതത്തിൽ എളിമയാണു വേണ്ടതു. അതിനേ ആദരവു നേടാനൊക്കൂ. രേണുക ആരാധനയോടെയാണു പിന്നെ രാധികയെ കണ്ടത്.      ' നീയൊരു മുന്നറിയിപ്പുമില്ലാതെ ഇങ്ങനെ വരുമെന്നു ഞാൻ കരുതിയില്ല രേണൂ.' ബസ്സിറങ്ങുമ്പോൾ സ്റ്റോപ്പിൽ കാത്തു നിന്നിരുന്ന അവൾ പരിഭവപ്പെട്ടതുതന്നെ ആവർത്തിച്ചു.      ' ഞാൻ പറഞ്ഞില്ലേ രാധികേ, കടുത്ത ഏകാന്തത തോന്നിയപ്പോൾ സഹികെട്ടു ഓടിപ്പോന്നതാണ്. കോളേജുണ്ടായിരുന്നെങ്കിൽ പ്രശ്നമില്ലായിരുന്നു. നമുക്കു വെക്കേഷനായിപ്പോയില്ലേ. നിനക്കറിയോ ഇന്നലെ രാത്രിയും അച്ഛൻ ഉണ്ടാ...

നുറുങ്ങുകഥ.....വിധേയ

     സർവ്വാംഗം കോറിയിടാനുള്ള പുറപ്പാടാണെന്നു തോന്നിയപ്പോൾ കടലാസ് ചോദിച്ചു.      ' എന്തായിത് ..' പേന പറഞ്ഞു.      ' വികാരത്തിന്റെ തള്ളിച്ചയാണ് ' പിന്നെ കടലാസ് ഒന്നും പറഞ്ഞില്ല. പഴമ്പായയിലെന്നപോലെ മലർന്നു കിടന്നു.                -----------------------ൃ----െെ         താന്നിപ്പാടം ശശി -----------------------------------