Skip to main content

Posts

കവിത... ആ ദിനം

ഓർക്കുകിലോമനേ നീയെനിക്കത്ഭുതം തീർക്കുന്നതോരോ നിമിഷം കണ്ടുമുട്ടാതന്നു പോയിരുന്നെങ്കിലോ ശൂന്യമീ ജീവിതമാകെ നിൻഗന്ധമേല്ക്കാത്ത കിനാവല്ലോ മുമ്പു ഞാൻ കണ്ടതൊക്കെയും നീളെ കാണുന്ന പൂക്കളിലർപ്പിച്ചു ഞാൻ വൃഥാ ഭാവിതൻ സിന്ദൂരധൂളി പോക്കുവെയിലിന്റെ ശോഭയിൽ നാമന്നു നേർക്കുനേർ തമ്മിലടുക്കേ മന്ദഹാസം നിന്റെ നാണമായ്ത്തീർന്നുടൽ പൂത്തണ്ടുപോലെയുലഞ്ഞു.                    ---------------------------------              താന്നിപ്പാടം ശശി ---------------------------------------

കുട്ടികൾക്കുള്ള കവിത

പൂമ്പാറ്റയോട് ------------------------ മഞ്ഞപ്പൂവിലെ പൂമ്പാറ്റേ കുഞ്ഞിച്ചിറകു വിരിക്കാമോ തിണ്ണയിലെഴുതും കോലങ്ങൾ ചിറകതിലെഴുതിയതാരാണ് കാറ്റത്താടും പൂവായി ചിറകു വിരിച്ചാൽ തോന്നും നീ എത്ര നിറങ്ങൾ ചിറകിന്മേൽ നിന്നുതരാമോ എണ്ണാനായ് എന്തൊരു കോലം വരകൾക്കു നോക്കിവരയ്ക്കണതെങ്ങനെയോ ചായമെടുക്കാൻ പോയെന്നാൽ പാറി മറയല്ലേ പൂമ്പാറ്റേ.             ××××××××× കുയിലേ വരൂ.. ----------------------- പുള്ളിക്കുയിലേ നീയിന്നും തൊള്ള നനയ്ക്കാൻ വന്നോളൂ വെള്ളമെടുത്തുവെച്ചോളാം തുള്ളി കുടിച്ചു കുളിച്ചീടാം എന്തൊരു ചൂടാ പെയ്യുന്നേ തൊന്തരവായൊരു വെയിലല്ലോ മാന്തളിരുണ്ണാനില്ലാതായ് മാന്തോപ്പുകളും വെട്ടിപ്പോയ്                  ------------------------------           താന്നിപ്പാടം ശശി ---------------------------------------

കവിത...... ആത്മനൊമ്പരം

കൊണ്ടുപോയി കൊടുക്കെടി കെട്ട്യോനിതു മീനും ചോറും തണ്ടുകാട്ടി നടന്നിട്ടു കിട്ടിയതല്ലേ വാഴത്തടപോലെ രണ്ടു കാലുകളും വെട്ടിയിട്ടാ ചോരച്ചാലിൽച്ചവിട്ടിയ നെഞ്ചിൽപ്പതിക്കേ ഉൾക്കൂട്ടിലെ കിളിയപ്പോൾ ഞെരങ്ങിയോ ബോധം പോയി ചത്തപോലെ കണ്ടിട്ടാവാം തിരിച്ചുപോയി ചോരവാർന്നു കിടന്നല്ലോ കൊണ്ടുപോകാനാരുണ്ടായി നിലയ്ക്കൊക്കാ ഞങ്ങൾതന്നെ വേണ്ടിവന്നില്ലേ സ്ത്രീധനത്തിൻ കുറവതു പറഞ്ഞിത്രകാലമവൻ സ്വൈര്യമായിക്കഴിയുവാനനുവദിച്ചോ തട്ടുംമുട്ടും നീയും കൊണ്ടു ആ വകയിലൊരുപാടു കെട്ട്യോനായിപ്പോയെന്നോർത്തു സഹിച്ചതല്ലേ തുന്നിച്ചേർത്തു കാലുരണ്ടും അന്നുതൊട്ടു ചെലവെല്ലാം ഇല്ലായ്മയിലുണ്ടാക്കിയും ചെയ്തുപോരുന്നു ഞെട്ടുപോയാലേതു കായും നേരെചോട്ടിൽ ചെന്നു വീഴും അതിനൊരു മാറ്റമിന്നും കേട്ടിട്ടില്ലെങ്ങും.                                         --------------------------------          താന്നിപ്പാടം ശശി -------------------------------------

കവിത...... ഫാഷൻ

അണിയരുതു പുടവയതിവികലതയെ പേറും യുവതതനുകിരണമധു നുണയുവതിനാകാ ഉടലഴകുകതിരൊളിയെ തടയുവതു കഷ്ടം തനുവതിനു തുണയഴകു മനയുവതു വസ്ത്രം അഴുകുമൊരു മലരിതളു വലിവിലതിറുന്നാൽ തെളിയുമതിലതിവികലയരികു ഹിതമോഡൽ പുതുപുടവയണിയുവതു മുറിവതിനു വീണാൽ പടരുമൊരുകലയതിനു ഗരിമയിലുമെത്താം പുതുജനഹിതമണിയുവതു പഴമയിലെത്തേ തുടരുവതു തടയുമൊരു പിടിയതിനു വീഴാം സകലജനമഹിതമതു മൊഴിയുകിലുമുണ്ടോ തരുണജനമധുചഷകമതു കളയലുണ്ടോ.                  ---------------------------------             താന്നിപ്പാടം ശശി ---------------------------------------

കവിത...... ഞണ്ട്

ഞണ്ടുകറിക്കുള്ള തേങ്ങ, വേഗം വറുത്തിട്ടരയ്ക്കൂ നീലി രണ്ടു കറി വേറെ വേണ്ട, നന്നായ് ഞണ്ടു കറിവെച്ചെടുത്താൽ ഉണ്ടിട്ടെഴുന്നേറ്റ നേരം, പള്ള ചീനഭരണിയായ് തോന്നാം ഞണ്ടോളമില്ലൊരു വസ്തു, ഉണ്ടോ വേറെ തിരഞ്ഞാൽപ്പകരം ഞണ്ടിനെ സൃഷ്ടിച്ചതാരോ, ലോകം തിന്നു രസിക്കുവാൻ വേണ്ടി കൊണ്ടുവാ, കൊണ്ടുവാ കൂട്ടാ, നെന്നും നാണം മറന്നൊരാൾ കൂവാം.                ---------------------------           താന്നിപ്പാടം ശശി -----------------------------------

കവിത....... ലോട്ടറിക്കാരൻ

കാലത്തെഴുന്നേറ്റു കുളിച്ചീറൻമാറി യാത്രയായി കാലക്കേടിന്നാൾരൂപമാം കിഴവനന്നും കൈയിൽത്തൂങ്ങും സഞ്ചിയതിലൊരു പൊതി വേറെയിട്ടു ക്ഷീണം തോന്നി,യിരിക്കുമ്പോൾ മുറുക്കുവാനായ് ക്ലിപ്പിൽവെച്ച ടിക്കറ്റുകൾ കാറ്റിൽപ്പാറിയിടയുമ്പോൾ കൈവിരലാൽ നേരെയാക്കി നടന്നുനീങ്ങി ഇടയ്ക്കിടെ കഫം തേട്ടും ചുമയ്ക്കൊപ്പം തെറിച്ചയാൾ ഇടവഴി താണ്ടി മെല്ലെ റോഡിലുമെത്തി കൈനീട്ടമാണെന്നറക്കെ,യിടയ്ക്കിടെ പറഞ്ഞിട്ടും കൈയുയർത്തി വേണ്ടെന്നാംഗ്യം കാണിച്ചെല്ലാരും കഷ്ടമിന്നും ദുർദ്ദിനമോ സ്വയം ശപിച്ചയാളങ്ങു പരിഭ്രാന്തിയോടെ വശം തിരിഞ്ഞുനോക്കേ ഒരുകൂട്ടമാളുകളങ്ങപ്പുറത്തു നില്ക്കുന്നുണ്ടു ഒന്നു പോയാലത്രയുമായ്യെന്നു നിനച്ചു ആവുംമട്ടിൽ വേഗമോടെ കുറുകെ കടക്കുന്നേരം മോട്ടോർബൈക്കിൽ മൃത്യുവെത്തി,യെടുത്തുയർത്തി ചാഞ്ഞമരക്കൊമ്പിൽത്തട്ടി പാവമയാൾ വീണ കാഴ്ച ചങ്കിൽച്ചോര നിലയ്ക്കണം കണ്ടുനില്ക്കുവാൻ പൊതിഞ്ഞിട്ട പൊതിയൊട്ടുമഴിഞ്ഞില്ലയെങ്കിൽത്തന്നെ മുറുക്കിന്റെ രസം കവിൾത്തിങ്ങിയൊഴുകി                ----െ-----െ----------------------           താന്നിപ്പാടം ശശി -------------------...

ക്രിസ്മസ് രാവേ..

പുതച്ച മുണ്ടാൽത്തന്നെ കുളിരകറ്റിക്കൊണ്ടു പള്ളിയിലേക്കു പാത നീളുന്ന വഴിവക്കിൽ കാഴ്ചയ്ക്കു വിളക്കൊന്നു തെളിച്ചു വിണ്ണിൽവെച്ചു പാതിരാക്കുർബ്ബാനയ്ക്കായ് ആളെത്തുന്നതും നോക്കി സ്വാഗതമോതി നില്ക്കും സൗമ്യയാം ക്രിസ്മസ് രാവേ.. മാറ്റമില്ലാതെയിന്നും വരില്ലേ പതിവുപോൽ പ്രണാമം ചൊല്ലിടുന്നു പുൽനാമ്പുപോലും മണ്ണിൽ !                     ------------------------                താന്നിപ്പാടം ശശി -----------------------------------------