Skip to main content

Posts

ഗാനം.... നീ സഖീ

പാതിവിസ്മയ ഭാവം അതിൽ ഒഴിയും പകലിൻ രാഗം ചൊടിയിലുതിരാമൊഴികൾ ചാരെയണയും സമയം.                     (പാതിവിസ്മയ.... കാന്തശക്തിയാലിളക്കം കവിതപോലുടൻ ഒതുക്കം നടയ്ക്ക് നീങ്ങാപ്പദങ്ങൾ നാട്യമുദ്രയിൽ കോപം                     (പാതിവിസ്മയ.. ഓടിയകലാൻ തിടുക്കം ഓമൽച്ചൊടിയിലിളക്കം ചേഷ്ടകളേക്കാളും ഹൃദ്യം ഇഷ്ടതോഴീ നിൻ ഗമനം.                     (പാതിവിസ്മയ..                     -----------------------------------                 താന്നിപ്പാടം ശശി ------------------------------------------

ഗാനം... വിഷാദമെന്തേ..

വിഷാദമെന്തേ പൂവേ വിരിഞ്ഞുതീരും മുമ്പേ വിധിച്ചതോ നീ എടുത്തതോ വിഷാദചഷകം നുകരാൻ                     (വിഷാദമെന്തേ.. നിന്റെ മനസ്സിൽ ഇന്നലെയോളം നിറഞ്ഞു നിന്നൊരു രൂപം നിന്റെ മനസ്സിലെ ഞൊറികൾ ഞെക്കി കിനിച്ചിടുന്നോ ദുഃഖം                     (വിഷാദമെന്തേ... കനവ് കൊത്തിയ രൂപം മനസ്സിൽ കരളിലെ ദേവനായ് തീർന്നപ്പോൾ സ്വയംമറന്നെന്നും നടത്തിയ പൂജകൾ നിഷ്ഫലമായ വ്യഥയോ.                     (വിഷാദമെന്തേ...                     ---------------------------------------                 താന്നിപ്പാടം ശശി --------------------------------------------

ഗാനം.... ഉല്ലാസയാത്ര

മാഞ്ഞാലിപ്പുഴയിൽക്കൂടി മാളവനയ്ക്കൊരു തോണി മടിക്കേണ്ട കേറിക്കോളൂ യാത്രപോകാം ഇളവെയിൽ കാഞ്ഞിരിക്കാം പുഴയോരക്കാഴ്ചകൾ കാണാം ഇടവിടാതുയരും പുഴയിലെ ഓളത്തിൽ ചാഞ്ചാടാം                     (മാഞ്ഞാലിപ്പുഴയിൽ... പാടത്ത് പാടിപ്പാടി തൊണ്ട തെളിഞ്ഞൊരു നാണീ പാടാമോ തുഴതാളത്തിൽ നാടൻപാട്ട് നർമ്മക്കുരുക്കിലുടക്കി മനസ്സുകൾ നേടും മാണീ കയറില്ലേ ഉല്ലാസത്തിന് മികവേകില്ലേ                     (മാഞ്ഞാലിപ്പുഴയിൽ... അന്തിപ്പുക തിങ്ങുമ്പോൾ പണികേറുന്നൊരു കൂട്ടരേ അറയില്ലേ മനസ്സിനു വേണം ഉല്ലാസപ്പൂന്തേൻകണം കനവൊക്കെ വാരിവിതച്ച് പതിരെന്നും കൊയ്യുന്നോരേ കനവിന്റെ നനവൊപ്പുമീ  ഉല്ലാസയാത്ര.                     (മാഞ്ഞാലിപ്പുഴ...                     ---------------------------------------               താന്നിപ്പാടം ശശി -------------------------------------------

ഗാനം.... സഖിയോട്

നളിനമുഖം നോക്കി വണ്ടുകൾ മൂളും മന്ത്രദ്ധ്വനികളറിഞ്ഞെങ്കിൽ പ്രിയസഖി നിന്റെ കാതിൽ വീഴ്ത്തി ഞാൻ പ്രണയസാഗരമുണർത്തിയേനേ                     ( നളിനമുഖം... കിന്നാരമറിഞ്ഞെങ്കിൽ പൂങ്കാറ്റിനെപ്പോലെ കിന്നരിച്ചുകൊണ്ടടുത്തേനേ സപ്തവർണ്ണങ്ങളും സംഗീതവുമെന്നിൽ സ്വപ്നലോകങ്ങളൊരുക്കിയേനേ                      (നളിനമുഖം... സങ്കോചമില്ലെങ്കിൽ നിൻ മലർച്ചൊടികളാൽ സാന്ത്വനം നേടുവാൻ കഴിഞ്ഞേനേ നൊമ്പരപ്പുകയേല്ക്കും മനസ്സിലെ ചിത്രങ്ങൾ നിറമാർന്നു വീണ്ടും തെളിഞ്ഞേനേ.                    (നളിനമുഖം...                     --------------------------------                താന്നിപ്പാടം ശശി -------------------------------------------

ഗാനം.... കണ്ടെത്തൽ

ഓർക്കുകിലോമനേ നീയെനിക്കത്ഭുതം തീർക്കുന്നതോരോ നിമിഷം കണ്ടുമുട്ടാതന്നു പോയിരുന്നെങ്കിലോ ശൂന്യമീ ജീവിതമാകെ                (ഓർക്കുകിലോമനേ.... നിൻ ഗന്ധമേല്ക്കാത്ത കിനാവല്ലോ മുമ്പ് ഞാൻ കണ്ടതൊക്കെയും നീളെ കാണുന്ന പൂക്കളിലർപ്പിച്ചു ഞാൻ വൃഥാ ഭാവിതൻ സിന്ദൂരധൂളി                (ഓർക്കുകിലോമനേ.... പോക്കുവെയിലിന്റെ ശോഭയിൽ നീയന്ന് നേർക്കുനേർ തമ്മിലടുക്കേ മന്ദഹാസം നിന്റെ നാണമായ് തീർന്നുടൽ പൂന്തണ്ടുപോലെ വളഞ്ഞു.                (ഓർക്കുകിലോമനേ...                      ---------------------------------------                  താന്നിപ്പാടം ശശി -----------------------------------------------

ഗാനം... നീയുറങ്ങ്

താരുണ്യസ്വപ്നത്തിൻ സാഫല്യമേ നീയുറങ്ങൂ..നീയുറങ്ങൂ ചെന്തൊണ്ണ് കാട്ടി ചിരിക്കാതേ മുഷ്ടി ചുരുട്ടി കുതിക്കാതെ അമ്മിഞ്ഞപ്പാൽ കുടിച്ചിമ്മട്ടിൽ നീയെന്നെ പൊല്ലാപ്പിലാക്കല്ലേ കാക്ക കരഞ്ഞത് കേട്ടില്ലേ നേരം പുലർന്നതറിഞ്ഞില്ലേ അച്ഛനുണരുമ്പോൾ കാപ്പി കൊടുക്കണ്ടേ കുട്ടനും ഇങ്ക് കുറുക്കണ്ടേ                (താരുണ്യസ്വപ്നത്തിൻ.. മുത്തശ്ശിയമ്മയുണർന്നു കാണും മൂക്കത്തെ ശുണ്ഠി വളർന്നുകാണും മുറ്റമടിക്കട്ടേ, പാത്രം കഴുകട്ടേ മുത്തേ..മുത്തേ..നീയുറങ്ങൂ മുത്തേ.. മുത്തേ.. നീയുറങ്ങൂ.                 ( താരുണ്യസ്വപ്നത്തിൻ...                     ----------------------------------------െ               താന്നിപ്പാടം ശശി ------------------------------------------------

ഗാനം... കൗമാരം.

കടുംവർണ്ണങ്ങളിൽ കനവുകളെഴുതും കൗമാരം കൗതുകം തളരാത്ത കാലം പുന്നാരം തീരാത്ത പ്രായം                ( കടുംവർണ്ണങ്ങളിൽ... അറിയാതെ വന്നു പറയാതെ പോകും ആരെയും മയക്കുന്ന അതിഥി ഗതകാലസ്മരണയിൽ ശതകമൊന്നായാലും മികവോടെ തെളിയുന്ന കുസ്യതി                ( കടുംവർണ്ണങ്ങളിൽ... പുൽക്കൊടിത്തുമ്പിലെ ഹിമകണംപോലെ പുലർവെട്ടത്തിലെ അരുണിമപോലെ മറയുന്നതേതൊരു വനികയിൽ മടങ്ങിടാത്ത നിൻ യാത്ര.                (കടുംവർണ്ണങ്ങളിൽ.....                      -------------------------------------               താന്നിപ്പാടം ശശി --------------------------------------------