പൊട്ടിയ താലിമാല നന്നാക്കാന്‍ ചെന്നപ്പോള്‍ പണിസഥലത്ത് തിരക്ക്. ' ഇനി ഇത് പറ്റില്ല മാഷേ.മാറി മേടിക്കണതാ നല്ലത് ' പണിക്കാരന്‍ പറഞ്ഞു. ' അതെന്താ ' അയാള്‍ അജ്ഞത നടിച്ചു. ' ഇതില്‍ ഇനി പൊട്ടാത്ത ഒരിടമുണ്ടോ ' അയാള്‍ തെല്ലൊരു ജാള്യത്തോടെ ചുറ്റും നോക്കി.ഒരാളും അത് കേട്ടതായി തോന്നിയില്ല. 'ഇത്തവണ കൂടി ഒന്നു നോക്കൂ ' അയാള്‍ ഒരു ചമ്മിയ ചിരിയോടെ പതുക്കെ പറഞ്ഞു. അല്ലാതെ ഭാര്യ പിണങ്ങി അവളുടെ വീട്ടിലേക്ക് പോകുന്നത് താലിമാല പൊട്ടിച്ച് എറിഞ്ഞിട്ടാണെന്ന് പറയാന്‍ പറ്റില്ലല്ലോ. ' ആട്ടെ ! ഇത്തവണ എന്ത് പറഞ്ഞാ ഭാര്യ പിണങ്ങിയത് ' കനല്‍ ഊതിത്തെളിച്ചു കൊണ്ടാണ് പണിക്കാരന്‍ അത് ചോദിച്ചത്. അയാള്‍ തരിച്ചു പോയി. കേട്ടത് വിശ്വസിക്കാന്‍ അയാള്‍ ഒരു നിമിഷം കൂടി അധികം എടുത്തു.പിന്നെ ഒരു ചമ്മിയ ചിരിയോടെ കസേരയില്‍ ആരെയും നോക്കാതെ അമര്‍ന്ന് ഇരുന്നു. ...