Skip to main content

Posts

ഹൈക്കു

താംബൂലരസം ചില്ലിൽച്ചിത്രങ്ങൾ ഇളിഭ്യച്ചിരി.           ×× അമിതാസക്തി ക്യൂ വളഞ്ഞുപുളഞ്ഞ് മദ്യകേരളം.           ×× വറ്റിവരണ്ടു കനവുള്ള കരൾ നനഞ്ഞ കണ്ണ്.           ×× അമ്മത്തൊട്ടിൽ നാളേറേ നിശ്ശബ്ദം ഇന്നൊരനക്കം.           ×× ചെപ്പടിവിദ്യ ആളുകൾക്കുന്മാദം പോക്കറ്റടിച്ചു.           ×× കരകയറാൻ സമുദ്രം അലറുന്നു വനരോദനം.           ××                --------------------------------           താന്നിപ്പാടം ശശി -----------------------------------

പുലരിപ്പാട്ട്

പൂർവ്വാംബരത്തിലെ ചെങ്കതിർ കണ്ടു ഞാൻ ഇന്നിലേയ്ക്കെത്തിയ നേരത്ത് പാലുള്ള കുപ്പിയെൻ മുന്നിലേയ്ക്കെത്തിച്ച് നാണത്തിൽ മുങ്ങി നീ നില്ക്കണ് എന്തുവിശേഷം ഹൂറിയെന്നുള്ള മട്ടിൽ ഞാൻ നിന്നെയും നോക്കവേ ഒന്നു വേഗം തരൂ പോകട്ടെയെന്നുള്ള ദൈന്യത്തിൽ നീയെന്നെ നോക്കുന്നു മുറ്റത്തെ മുല്ലയൊരായിരം പൂവുകൾ മെത്തപോൽ മണ്ണിൽ വിരിച്ചത് നോക്കിക്കൊതിച്ചു നീ നില്ക്കുമ്പോളെൻ മനം മാറ്റിപ്പിടിക്കുന്നു സീനത്.                ------------------------          താന്നിപ്പാടം ശശി ----------------------------------

ഭരണിപ്പാട്ട്

വന്നുകുളിച്ചെന്റെ വസ്ത്രവും മാറ്റീട്ടും വായിൽ നിറയുന്നു ഭരണിപ്പാട്ട് രേവതിനാളിൽ ഞാനമ്പലം പൂകുമ്പോൾ ഇവ്വിധം മാനക്കേടോർത്തതല്ല തന്നാനം തന തന്നാനം തന തന്നാനം തന തന്നാനം രോമാഞ്ചകഞ്ചുകം വാരിപ്പുതച്ചൊരാൾ രണ്ടു മുളന്തണ്ടിൽ താളമിട്ട് ദേവിസ്തുതിയെന്ന ഭാവത്തിൽ ചീറ്റുന്നു ദേവിയെച്ചേർത്തുള്ളസഭ്യവർഷം തന്നാനം തന തന്നാനം തന തന്നാനം തന തന്നാനം ഏറ്റു പാടുന്നോരും കൂട്ടത്തിൽ കൂത്താടി മാറ്റൊത്ത ഭാവത്തിലാടിടുന്നു കൂട്ടങ്ങളീവിധമൊന്നായിയെത്തുമ്പോൾ അമ്പലമുറ്റം ഹാ ! ചെന്താമര തന്നാനം താന തന്നാനംതാന തന്നാനം താന തന്നാനം പ്രാകൃതഭക്തിയ്ക്കു ചേർന്നതാണെങ്കിലും വൈകൃതം കാലത്തിനൊത്തതാണോ ഈണമെൻ നാവിൽ പിടയ്ക്കുന്നു നിർത്തട്ടെ ! നാണക്കേടാവും ഞാൻ വാ തുറന്നാൽ തന്നാനം താന തന്നാനം താന തന്നാനം താന തന്നാനം                --------------------------------         താന്നിപ്പാടം ശശി --------------------------------- 

കവിത.... മഴക്കാറ്

മഴമുകിലു തുഴയുവതു മാനത്തു കാണുകിൽ മനമിതിലുമുയരുമൊരു തീമഴക്കാറാകെ മഴമണികളുതിരുവതു മണ്ണിന്നു ഹർഷവും ചുമരുകളിലൊഴുകുവതു കണ്ണീരു  വർഷവും പുലരിമിഴി തുറയുവതു കണ്ടാൽ നടകൊള്ളും ഇരുളലകളിലിടറി പുരയെത്തുന്നു രാവിൽ പുരകളിലെ 'യടികള 'തു തീർന്നാലുമുണ്ടതിൽ എളിയ ചില പണികളതു ചെയ്യണമെന്നതും പിരിയുമതിനുപണമതിലു പറ്റും കുറഞ്ഞാൽ പുരയതിലെ ചെലവതിനുമൊക്കില്ല ശിഷ്ടം തരുണദശയിലശരണയായ്ത്തീർന്നതു കഷ്ടം തുണതരുവതിനിണയതിനു തന്നില്ല ഭാഗ്യം പുകയുമതുമനമിതിലെ ശാന്തി വറ്റിക്കവേ തുണതരുമൊരു തണലതു ദാഹിച്ചു പിന്നെയും അഗതികളിലഗതികളു രണ്ടമ്മമാരെത്തി അനുഭവമധുഫലമധുരം നീട്ടുവാൻ കൂടെ.                           ----------------------------------െ                   താന്നിപ്പാടം ശശി ----െ-െ--ൃ-െ-----------------------------

കവിത... ആ ദിനം

ഓർക്കുകിലോമനേ നീയെനിക്കത്ഭുതം തീർക്കുന്നതോരോ നിമിഷം കണ്ടുമുട്ടാതന്നു പോയിരുന്നെങ്കിലോ ശൂന്യമീ ജീവിതമാകെ നിൻഗന്ധമേല്ക്കാത്ത കിനാവല്ലോ മുമ്പു ഞാൻ കണ്ടതൊക്കെയും നീളെ കാണുന്ന പൂക്കളിലർപ്പിച്ചു ഞാൻ വൃഥാ ഭാവിതൻ സിന്ദൂരധൂളി പോക്കുവെയിലിന്റെ ശോഭയിൽ നാമന്നു നേർക്കുനേർ തമ്മിലടുക്കേ മന്ദഹാസം നിന്റെ നാണമായ്ത്തീർന്നുടൽ പൂത്തണ്ടുപോലെയുലഞ്ഞു.                    ---------------------------------              താന്നിപ്പാടം ശശി ---------------------------------------

കുട്ടികൾക്കുള്ള കവിത

പൂമ്പാറ്റയോട് ------------------------ മഞ്ഞപ്പൂവിലെ പൂമ്പാറ്റേ കുഞ്ഞിച്ചിറകു വിരിക്കാമോ തിണ്ണയിലെഴുതും കോലങ്ങൾ ചിറകതിലെഴുതിയതാരാണ് കാറ്റത്താടും പൂവായി ചിറകു വിരിച്ചാൽ തോന്നും നീ എത്ര നിറങ്ങൾ ചിറകിന്മേൽ നിന്നുതരാമോ എണ്ണാനായ് എന്തൊരു കോലം വരകൾക്കു നോക്കിവരയ്ക്കണതെങ്ങനെയോ ചായമെടുക്കാൻ പോയെന്നാൽ പാറി മറയല്ലേ പൂമ്പാറ്റേ.             ××××××××× കുയിലേ വരൂ.. ----------------------- പുള്ളിക്കുയിലേ നീയിന്നും തൊള്ള നനയ്ക്കാൻ വന്നോളൂ വെള്ളമെടുത്തുവെച്ചോളാം തുള്ളി കുടിച്ചു കുളിച്ചീടാം എന്തൊരു ചൂടാ പെയ്യുന്നേ തൊന്തരവായൊരു വെയിലല്ലോ മാന്തളിരുണ്ണാനില്ലാതായ് മാന്തോപ്പുകളും വെട്ടിപ്പോയ്                  ------------------------------           താന്നിപ്പാടം ശശി ---------------------------------------

കവിത...... ആത്മനൊമ്പരം

കൊണ്ടുപോയി കൊടുക്കെടി കെട്ട്യോനിതു മീനും ചോറും തണ്ടുകാട്ടി നടന്നിട്ടു കിട്ടിയതല്ലേ വാഴത്തടപോലെ രണ്ടു കാലുകളും വെട്ടിയിട്ടാ ചോരച്ചാലിൽച്ചവിട്ടിയ നെഞ്ചിൽപ്പതിക്കേ ഉൾക്കൂട്ടിലെ കിളിയപ്പോൾ ഞെരങ്ങിയോ ബോധം പോയി ചത്തപോലെ കണ്ടിട്ടാവാം തിരിച്ചുപോയി ചോരവാർന്നു കിടന്നല്ലോ കൊണ്ടുപോകാനാരുണ്ടായി നിലയ്ക്കൊക്കാ ഞങ്ങൾതന്നെ വേണ്ടിവന്നില്ലേ സ്ത്രീധനത്തിൻ കുറവതു പറഞ്ഞിത്രകാലമവൻ സ്വൈര്യമായിക്കഴിയുവാനനുവദിച്ചോ തട്ടുംമുട്ടും നീയും കൊണ്ടു ആ വകയിലൊരുപാടു കെട്ട്യോനായിപ്പോയെന്നോർത്തു സഹിച്ചതല്ലേ തുന്നിച്ചേർത്തു കാലുരണ്ടും അന്നുതൊട്ടു ചെലവെല്ലാം ഇല്ലായ്മയിലുണ്ടാക്കിയും ചെയ്തുപോരുന്നു ഞെട്ടുപോയാലേതു കായും നേരെചോട്ടിൽ ചെന്നു വീഴും അതിനൊരു മാറ്റമിന്നും കേട്ടിട്ടില്ലെങ്ങും.                                         --------------------------------          താന്നിപ്പാടം ശശി -------------------------------------