Skip to main content

Posts

കവിത... സുരക്ഷ

കെട്ടിപ്പിടിച്ച ചുഴലിക്കു വഴങ്ങിടാതെ ആവോളമങ്ങു പൊരുതുന്നു മഹാഗണിയും മാന്തിപ്പറിഞ്ഞു, യില തിങ്ങിയ ചില്ലയൊക്കെ പൂഞ്ചേലപോലെയകലത്തതു വീണിടുന്‌നു പോരാട്ടമങ്ങു തുടരുന്നു, യുവത്വധൈര്യം ചോർന്നില്ലയെങ്കിലുമശക്തമതായിടുന്നു നീക്കിപ്പിടിച്ച മരക്കൊമ്പു തളർന്നു തൂങ്ങി ആക്കത്തിലങ്ങു പതിയുന്നതിശക്തനൊത്ത് ആർത്തിക്കമർച്ച, സഫലസുഖമോടു കാറ്റു ആലസ്യമാർന്നു, വിടകൊണ്ടതി വേഗമോടെ തേങ്ങുന്ന ശബ്ദമതുയർത്തി മഹാഗണികൾ മണ്ണിൽപ്പതിയ്ക്കിലുമവയ്ക്കു സുരക്ഷയത്രെ !                   ---------------------------------------           താന്നിപ്പാടം ശശി -----------------------------------

കവിത.. പടപ്പാട്ട്

മദ്യം തരും ഭ്രമത്തിലാ സുഖം രുചിച്ചു പോകിലോ തിടുക്കമാർന്നെളുപ്പമാക്കി മാരകത്തിനാവഴി മരിച്ചുതന്നെ പോകവേണമാ വിചാരമീവിധം നശിച്ചു നാറി വീടക്കമാകണോ  തകർച്ചയിൽ ഇണയ്ക്കു മുമ്പു മക്കളും കിനാവു മൊത്തമൊക്കെയും തകർന്നുവേണമെന്നതിന്നു ,യെന്തു നീതിയോതിടാൻ വിദേശവസ്ത്ര,മന്നു നാമുപേക്ഷവെച്ചതോർക്കണം വരുന്ന കാലമാകെയും വിപത്തുകണ്ടു നീങ്ങണം ജ്വലിച്ചിടേണ്ട ദീപനാളമായ യൗവനങ്ങളെ അണയ്ക്കുവാനിളക്കമാർന്നു ശങ്കവിട്ട വണ്ടുകൾ തടഞ്ഞിടേണമെത്രതന്നെ ഭാരമാകുമെങ്കിലും മടിഞ്ഞിടേണ്ട വെട്ടമാണ് കെട്ടിടാതെ നോക്കണം.                ---------െ--െ--------------------------         താന്നിപ്പാടം ശശി. -----------------------------------

അമ്മജന്മം

കുഞ്ഞൊന്നുറക്കെ കരയുന്നതിനൊട്ടു മുമ്പേ പാഞ്ഞെത്തുമമ്മ വെളിപാടതു കേട്ടപോലെ ഇവ്വിധത്തെ പുണരുമെങ്കിലുമാത്മബന്ധം വൃദ്ധർക്കുള്ളാലയമെത്തി മുറിഞ്ഞിടുന്നു. വിട്ടിട്ടുപോയ മകനൊന്നു വരുന്നുവെങ്കിൽ ഉത്സാഹമതെത്തി തിറയാട്ടമതാടുമപ്പോൾ പെട്ടെന്നതും നിലയെ വിട്ടകലുന്നു കഷ്ടം ! പൊട്ടക്കിണറ്റിലെ തടങ്കലുബോദ്ധ്യമാക്കി കണ്ണീരതുപ്പുമുനതീർന്നു മുറിക്കുമൊന്നായ് നെഞ്ചോടുചേർത്ത കനവൊക്കെ ശീഘ്രം ജീവന്റെ ഞെട്ടു മുറിവേറ്റടരുന്നു, ജന്മം പാഴായിത്തന്നെ കൊഴിയുന്നതിവേഗമോടെ .                -----------------------------------           താന്നിപ്പാടം ശശി --------------------------------------

പരിഹാസ്യൻ

മനുജാശയോടു വിരക്തയും പ്രണയം പൊഴിച്ച ത്രിസന്ധ്യയിൽ തിരി നീട്ടിനിന്നു വിളക്കിലെ തെളിനാളമായ് ജ്വലിച്ചു നീ ചൊടിയിൽ വിറച്ചൊരു വാക്കുടൻ മിഴിയാൽ തുടച്ചതു നീയുടൻ ഇനിയേതുപായ,മതൂഹിയ്ക്കേ തൊഴുതങ്ങിറങ്ങി തിടുക്കമായ് നനയുന്ന കണ്ണുകൾ തുടച്ചപ്പോൾ തെളിദീപമൊക്കെ ചിരിക്കയായ് അണിയിച്ചൊരുക്കിയ ദേവിയും ഒളികണ്ണു കാട്ടി ചിരിക്കയായ്.                 --------------------------------         താന്നിപ്പാടം ശശി. -െ------െെെ---------------ൃ---

ഓണസദ്യ

പച്ചടി,കിച്ചടി,ഓലനും തോരനും അവിയലും സാമ്പാറും പുളിശ്ശേരി വേറെയും കാളനും വീർത്തുള്ള പപ്പടമൊക്കെയും കൂമ്പിലപ്രായം കഴിഞ്ഞുള്ള തൂശനിൽ ആവശ്യംപോലങ്ങു വാങ്ങിക്കഴിച്ചിട്ട് ഏമ്പക്കം വിട്ടു തുടങ്ങുന്ന വേളയിൽ ഇലയതു നന്നായി വടിച്ചിടം കണ്ടെത്തി തെളിയുന്ന യിലത്തടം ചൂണ്ടിപ്പിടിച്ചിട്ട് പറയണ, മാദ്യം വിളമ്പേണ്ട പായസം നാരങ്ങയച്ചാറും നാവും വിരലുമായ് മേളം തുടങ്ങട്ടെ, വിളമ്പട്ടെ പായസം പാലടപ്രഥമനും പരിപ്പും കഴിഞ്ഞിട്ട് ശേഷിച്ചഭാഗം പകുത്തതിൻ പാതിയിൽ ചക്കപ്രഥമനും മറ്റതിൽ ഗോതമ്പും ഇട്ടു നിറക്കണം കൺമണി തള്ളോളം.                     -െ--ൃ--ൃ-ൃ-ൃ----------ൃ---            താന്നിപ്പാടം ശശി. ----------------------------------------

വസന്തരോമാഞ്ചം

ഭാവനാലോലേ നീയുണരൂ തവ മാനസചോരനരികിൽ പരിഭവം വിട്ടുരയ്ക്കൂ നിൻ കളമൊഴി പകരമീ ചുടുചുംബനം ചൂടൂ വസന്തങ്ങളിലൂറിയ രോമാഞ്ചമേ വന്നു ഞാൻ നിന്റെ ചാരെ വർണ്ണരാജികൾ വീശിയുണർന്നാ സ്വപ്നം വർണ്ണിക്കൂ കർണ്ണപീയൂഷമാകട്ടെ ! രാജീവലോചനം പിടഞ്ഞുണരട്ടെയീ രാഗസന്ധ്യയിൽ ചൊടിയിണ വിരിയട്ടെ മധുരം കിനിയും നാവുണർന്നൊന്നു മൊഴിയൂ തവ രാഗനിർവൃതി അറിയില്ലിനിയുമെന്ന ഭാവം അകലട്ടെ , തരൂ നിൻ കരപങ്കജം അതിലെ രാഗരേഖ വായിച്ചു അണയ്ക്കട്ടെ മാറോടൊരിലെങ്കിലും കവിളിലെ സിന്ദൂരം തൂത്തു, തീയാളുന്ന കണ്ണിലെ രോഷത്തെ പടർത്തുവതെന്തേ മൂകനായ് മുന്നിലിരുന്നിത്ര നേരം മുഖമുയർത്തിയൊന്നു നോക്കിയില്ലിതു വരെ അകലെയാകാശക്കോണിൽ സൂര്യബിംബം അറിയാനെത്തി നോക്കുന്നു മൗന കാരണം അവിവേകമെന്തെങ്കിലും...പറയൂ തോഴി അറിയാതെയെങ്കിലും ഞാൻ ചെയ്തു പോയോ.     - താന്നിപ്പാടം ശശി -

മിനിക്കഥ......വലിപ്പം

     വൈഖരിയെന്ന് ആത്മഗതം ചെയ്തതേയുള്ളൂ, ദാ പിറകിൽ നിന്നും ഉത്തരമുണ്ടായിരിക്കുന്നു !     ' ചിന്തയുടെ ഉച്ചത്തിലുള്ള ശബ്ദരൂപം ' അഹങ്കാരം അല്പം കൂടിയിട്ടുണ്ടെന്ന് അയാ...